യുഎഇയിലെ ഏറ്റവും ചിലവേറിയ സ്കൂൾ ദുബായിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജെംസ് എജ്യുക്കേഷൻ (GEMS Education). ലോകത്തിൽത്തന്നെ ഏറ്റവും ഉയർന്ന ഫീസ് വാങ്ങുന്ന സ്കൂളുകളിലൊന്ന് എന്ന സവിശേഷതയാണ് ദുബായ് സ്പോർട്സ് സിറ്റിയിലെ നിർദിഷ്ട ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷന് ഉള്ളത്. രത്നത്തേക്കാൾ വില കൊടുക്കണം ജെംസ് സ്കൂളിൽ ഫീസിനത്തിൽ. 27 ലക്ഷം മുതൽ 48 ലക്ഷം രൂപ വരെയാണ് സ്കൂളിലെ വാർഷിക ഫീസെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
600 ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം, ഒളിംപിക് സൈസ് സ്വിമ്മിങ് പൂൾ, എലിവേറ്റഡ് ഫുട്ബോൾ ഫീൽഡ്, ഹെലിപ്പാട് തുടങ്ങിയ വമ്പൻ സൗകര്യങ്ങളുമായാണ് ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷൻ ഒരുങ്ങുന്നത്. എആർ-വിആർ സാങ്കേതികവിദ്യകളുള്ള റോബോട്ടിക് സയൻസ് ലാബാണ് 100 മില്യൺ ഡോളർ ചിലവിൽ നിർമിച്ച സ്കൂളിന്റെ മറ്റൊരു സവിശേഷത.
മലയാളിയായ സണ്ണി വർക്കിയാണ് ജെംസ് എജ്യുക്കേഷന്റെ അമരക്കാരൻ. 2000ത്തിലാണ് അദ്ദേഹം Global Education Management Systems അഥവാ ജെംസ് എന്ന വിദ്യാഭ്യാസ മാനേജ്മെന്റ് കമ്പനി ആരംഭിച്ചത്. അതിവേഗമായിരുന്നു ജെംസിന്റെ വളർച്ച.
യുഎഇക്കു പുറമേ ഇന്ത്യ, ഇംഗ്ലണ്ട്, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, യുഎസ് തുടങ്ങിയ ഇടങ്ങളിലേക്ക് സ്ഥാപനം വ്യാപിച്ചു. ജെംസ് എജ്യുക്കേഷന്റെ എക്സിക്യൂട്ടീവ് ചെയർമാനായ സണ്ണി വർക്കിക്കൊപ്പം മക്കളായ ദിനോ വർക്കി, ജയ് വർക്കി എന്നിവരും സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.
GEMS Education, led by Sunny Varkey, is launching the world’s most expensive school in Dubai. The USD 100 million GEMS School of Research and Innovation will offer ultra-luxury facilities and high-tech learning.