ബിഹാറിനു പദ്ധതികൾ വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025. ബിഹാറിനെ രാജ്യത്തിന്റെ ഭക്ഷ്യകേന്ദ്രമാക്കി മാറ്റുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്. ഇതിനായി സംസ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും. മഖാന അഥവാ താമരവിത്ത് ഉൽപാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. താമരവിത്ത് ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് എന്നിവ ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മഖാന കർഷകർക്ക് പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ബോർഡിലൂടെ ലഭിക്കും.
വിദ്യാഭ്യാസ രംഗത്തും ബിഹാറിന് കേന്ദ്ര ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഐഐടി വികസനമാണ് ഇതിൽ പ്രധാനം. ഐഐടി പാട്ന വികസിപ്പിക്കും. പാട്ന വിമാനത്താവള വികസനത്തിനു പുറമേ സംസ്ഥാനത്ത് ചെറിയ വിമാനത്താവളങ്ങളും, എയർ സ്ട്രിപ്പുകളും അനുവദിക്കും. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ അടക്കമാണ് ഇത്.
കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു പുറമേ 2600 കോടി രൂപയുടെ എക്സ്പ്രസ് വേ പദ്ധതി, 2400 മെഗാവാട്ട് വൈദ്യുതി പ്ലാൻ്റ് എന്നിവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങൾ. ഇലക്ഷൻ കൂടി അടുത്തുവരുന്നത് പരിഗണിച്ചാണ് എൻഡിഎ ഭരിക്കുന്ന ബിഹാറിന് ബജറ്റിൽ ഇത്തവണയും വലിയ പരിഗണന ലഭിച്ചത് എന്നാണ് വിലയിരുത്തൽ.
The Union Budget 2025 prioritizes Bihar with key initiatives, including a Makhana Board, NIFTEM, infrastructure expansion, and skill development. Read about the budget’s impact on Bihar’s growth.