കൊച്ചിയിൽ 37 ഏക്കറിൽ ക്യാംപസ് നിർമിക്കാൻ ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS). കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ സേവന കമ്പനിയായ ടിസിഎസ് ക്യാംപസ് നിർമിക്കുക. 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ടിസിഎസ്സിന്റേത്. ഇലക്ട്രോണിക്സ് രംഗത്തെ ഗവേഷണ വികസനം, ഐടി-ഐടിഇഎസ് സേവനങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി പതിനായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കും. ടെക്നോളജി ഹബ്ബ് എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കാൻ ഇത് സഹായകരമാകും.
കിൻഫ്ര ക്യാംപസിനു പുറമേ കൊച്ചി ഇൻഫോപാർക്കിൽ 5000 ജീവനക്കാരെ ഉൾക്കൊള്ളിക്കാനാകുന്ന ഓഫീസ് തുറക്കാനും ടിസിഎസ്സിനു പദ്ധതിയുണ്ട്. ഇതിനായി ഇൻഫോപാർക്കിലെ പ്രധാന ഡെവലപർമാരുമായി സംസാരിച്ച് കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവൺമെന്റ്. ഇൻഫോപാർക്കിൻ്റെ 500 ഏക്കർ വിപുലീകരണം, കോഴിക്കോട് സൈബർപാർക്ക് വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉൾപ്പെടെ ടെക് രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളുമായി ചേർന്നു പോകുന്നതാണ് ഈ വികസന പ്രവർത്തനങ്ങൾ.
TCS is investing ₹690 crore in a 37-acre campus at Kochi’s Kinfra Electronics Manufacturing Cluster, creating 10,000 jobs. Kerala’s tech sector is booming with major expansions from TCS and IBM.