ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വാർഷിക, ദീർഘകാല പാസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ദേശീയ പാതകളിൽ
സ്വകാര്യ കാറുകൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ വാർഷിക-ദീർഘകാല ടോൾ പാസ് സൗകര്യം ലഭ്യമാകുക. വാർഷിക പാസിന് 3000 രൂപ, ദീർഘകാല പാസ്സിന് 30000 രൂപ എന്നിങ്ങനെയാകും നിരക്ക്. ദീർഘകാല പാസ്സിന് 15 വർഷം കാലാവധിയാണ് ഉള്ളത്. കേന്ദ്ര ഗതാഗത മന്ത്രാലയം വാർഷിക-ദീർഘകാല ടോൾ പാസ്സുകൾക്കായുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ദേശീയ പാതകളിൽ പ്രതിമാസ പാസുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. 340 രൂപയാണ് ഇതിന്റെ നിരക്ക്. ഈ നിരക്ക് നോക്കുമ്പോൾ വർഷത്തിൽ 4080 രൂപ ചിലവാക്കേണ്ടതായി വരും. ഈ സാഹചര്യത്തിൽ വാർഷിക പാസ്സിന് 3000 രൂപ എന്നത് യാത്രക്കാരെ സംബന്ധിച്ച് ലാഭകരമാണ്. അതുകൊണ്ടുതന്നെ ഹൈവേയിലൂടെ പതിവായി സഞ്ചരിക്കുന്നവർക്ക് വാർഷിക, ദീർഘകാല പാസ് വലിയ രീതിയിൽ ഗുണം ചെയ്യും.
നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാകും പാസ് സംവിധാനം നടപ്പാക്കുക. പാസ്സുകൾ ഫാസ്ടാഗുകൾ വഴി തന്നെയാകും പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ വാർഷിക-ദീർഘകാലത്തിനായി പ്രത്യേക പാസ്സുകൾ വാങ്ങേണ്ട ആവശ്യമില്ല.
സ്വകാര്യ കാറുകളുടെ അടിസ്ഥാന ടോൾ നിരക്ക് കിലോമീറ്ററിന് അനുസരിച്ച് നിശ്ചയിക്കാനും ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുള്ളതായി റിപ്പോർട്ട് ഉണ്ട്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ സ്വീകാര്യമാകാനും പുതിയ പാസ് സംവിധാനത്തിനാകുമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിനുള്ളത്.
The central government is set to launch annual and long-term toll passes on national highways, starting with private cars. Priced at Rs 3,000 for an annual pass and Rs 30,000 for a long-term pass (valid for 15 years), this new system aims to reduce congestion at toll plazas and provide cost-effective options for regular travelers.