സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രസീലും. ഇരുരാജ്യങ്ങളുടേയും സമുദ്ര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് കരാർ. ഇന്ത്യൻ നാവികസേന, ബ്രസീലിയൻ നാവികസേന, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളും മറ്റ് നാവിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിലുമാണ് കരാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിൽ കരാർ പ്രധാന ചുവടുവെയ്പ്പാണ്.

ഡിസംബർ 9 മുതൽ 12 വരെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യ-ബ്രസീൽ സമുദ്ര പങ്കാളിത്തം വികസിപ്പിക്കുകയും ഉഭയകക്ഷി പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നകയുമായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങങ. സന്ദർശന വേളയിൽ അഡ്മിറൽ ത്രിപാഠി മുതിർന്ന ബ്രസീലിയൻ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി ചർച്ചകൾ നടത്തി.
നേരത്തെ, സന്ദർശനത്തിന്റെ ഭാഗമായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമിനെയും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്‌റോയെയും സന്ദർശിച്ചിരുന്നു. പ്രതിരോധ വ്യവസായ സഹകരണം, പങ്കിട്ട സുരക്ഷാ ലക്ഷ്യങ്ങൾ, ദീർഘകാല പരസ്പര പ്രവർത്തനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച നടത്തി.
തന്ത്രപരമായ സഹകരണം വർധിപ്പിക്കാനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ നാവികസേനാ വക്താവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. പരിശീലന വഴികൾ വിപുലീകരിക്കുക, സമുദ്ര സുരക്ഷാ സംവിധാനങ്ങളിലെ ഏകോപനം വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ–ബ്രസീൽ പ്രതിരോധ ഇടപെടലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും നടന്നതായി വക്താവ് അറിയിച്ചു.
യോഗത്തിൽ, ദക്ഷിണ അറ്റ്ലാന്റിക്, ഇൻഡോ–പസഫിക് മേഖലകൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചും, അവയിൽ വഹിക്കാവുന്ന കൂട്ടായ പങ്കിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാട് യോഗം എടുത്തുകാട്ടി. ഇന്ത്യ–ബ്രസീൽ പ്രതിരോധ സഹകരണം ഉയർത്തുന്നതിന് ഈ കൂടിക്കാഴ്ച സുപ്രധാനമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
India and Brazil signed an MoU for cooperation in Scorpene-class submarine maintenance during Navy Chief Admiral Dinesh K. Tripathi’s visit, focusing on technical collaboration and enhancing defence partnership, including review of global security scenarios.