ഇൻഫോസിസ് മൈസൂരു ക്യാംപസിൽ നിന്നും നൂറ് കണക്കിന് ട്രെയിനി ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്. 2024 ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. 700 പേരെ ട്രെയിനി ആയി എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഇന്റേണൽ അസസ്മെന്റിൽ പാസ്സാകാത്തവരെയാണ് പിരിച്ചു വിട്ടത് എന്നാണ് ഇൻഫോസിസ് നൽകിയിരിക്കുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം ട്രെയിനി ബാച്ചിലുള്ളവരെക്കൊണ്ട് മൈസൂരു ക്യാംപസ്സിൽ പരീക്ഷ എഴുതിച്ചു. ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാംപസ് വിടാൻ നിർദേശിക്കുകയായിരുന്നു. പിരിച്ചു വിടൽ അന്യായമായി ആണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപിക്കാനുദ്ദേശിച്ചാണ് പരീക്ഷ നടത്തിയതെന്നും സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്നും ഇവർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻഐടിഇഎസ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ഇൻഫോസിസ് വിശദീകരണ കുറിപ്പ് ഇറക്കി. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നൽകിയെന്നും ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവാണെന്നുമാണ് വിശദീകരണം.
Infosys terminates hundreds of freshers from its Mysuru campus after they failed internal assessments. The company defends its hiring process, while the employee union demands government action.