വിജയികളായ സംരംഭകർ ഒരു സുപ്രഭാതത്തിൽ ഉണർന്ന് ഉൽപാദനക്ഷമമായ ദിവസം പ്രതീക്ഷിച്ച് ഇരിക്കുന്നവരല്ല, മറിച്ച് അവർ ഉൽപാദനക്ഷമമായ ദിവസങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്നവരാണ്. ഇതെല്ലാം ആരംഭിക്കുന്നതാകട്ടെ അവരുടെ പ്രഭാത ശീലങ്ങളിൽ നിന്നുമാണ്. വിജയത്തിനായി സ്വയം സജ്ജരാകാൻ ആഗ്രഹിക്കുന്ന സംരംഭകർ സ്വീകരിക്കേണ്ട പ്രഭാത ശീലങ്ങൾ പരിശോധിക്കാം.

പ്ലാനിങ്
വ്യക്തമായ ദിശയില്ലാതെ ഉണർന്ന് ദിവസത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ ഷെഡ്യൂൾ നമ്മൾ നിയന്ത്രിക്കുന്നില്ലെങ്കിൽ അത് അപകടമാണ്. അതുകൊണ്ട് ദിവസവും രാവിലെ ആ ദിവസത്തിൽ പൂർത്തികരിക്കേണ്ട കാര്യങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.
നോ ടു സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ പോലെ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ പ്രഭാത പ്രക്രിയകളിൽ നിന്ന് ഒഴിവാക്കുക. പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാൻ ഇത് ഏറെ ഗുണം ചെയ്യും. ദിവസത്തിലെ ആദ്യ മണിക്കൂറുകൾ സോഷ്യൽ മീഡിയ പോലുള്ളവയിൽ നിന്നു മാറിനിന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി ഊർജം ചിലവഴിക്കുക.
വ്യായാമം
മിക്ക പ്രമുഖ സംരംഭകരുടേയും പ്രഭാതം ആരംഭിക്കുന്നത് ചിട്ടയായ വ്യായാമത്തിലൂടെയാണ്. ദിവസം മുഴുവൻ ഊർജ്ജസ്വലരായി ഇരിക്കാൻ വ്യായാമത്തിന്റെ അത്രയും പോന്ന മറ്റൊരു മരുന്നില്ല. പ്രഭാതത്തിലെ 20 മിനിറ്റെങ്കിലും നീളുന്ന ശാരീരിക വ്യായാമം ഓർമയേയും മാനസികാസ്ഥയേയും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

വലിയ ജോലികൾ ആദ്യം
എളുപ്പമുള്ള ജോലികൾ ആദ്യം ചെയ്തു തീർക്കുക എന്നതാണ് നമ്മൾ സാധാരണയായി ചെയ്തു പോരുന്നത്. എന്നാൽ മിക്ക മികച്ച സംരംഭകരും ബുദ്ധിമുട്ടുള്ള ജോലികൾ ആദ്യം ചെയ്തു തീർക്കുന്നവരാണ്. ഇതിനുള്ള കാരണവും ലളിതമാണ്-പ്രഭാതത്തിൽ ഊർജം കൂടുതലുണ്ടാകും, ആ അവസ്ഥയിൽ പ്രയാസമുള്ള കാര്യങ്ങൾ പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായകരമാകും.
സ്ഥിരത
ഇപ്പറഞ്ഞ കാര്യങ്ങൾ ആഴ്ചയിൽ ഒരു ദിവസമോ രണ്ടു ദിവസത്തിൽ ഒരിക്കലോ ചെയ്തത് കൊണ്ട് പ്രയോജനമില്ല. മറിച്ച് ഇക്കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കണം. എങ്കിലേ കൃത്യമായ ഫലം ഉണ്ടാവുരയുള്ളൂ. ഉൽപാദനക്ഷമമായ ഒരൊറ്റ പ്രഭാതം കൊണ്ട് നിങ്ങളുടെ ബിസിനസ്സ് മാറിമറിയില്ല, മറിച്ച് മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്ന അച്ചടക്കമുള്ള പ്രഭാതങ്ങൾ അതിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
Discover the top morning habits that help successful entrepreneurs stay focused, productive, and motivated. Learn how planning, mindfulness, and consistency drive business success.