കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെ പ്രശംസിച്ചെഴുതിയ ലേഖനം വിവാദമായതിൽ തന്റെ നിലപാട് ശശി തരൂർ എംപി വീണ്ടും വ്യക്തമാക്കി . നല്ല കാര്യം ആര് ചെയ്താലും അതിനെ അഭിനന്ദിക്കുമെന്നാണ് ശശി തരൂർ പറഞ്ഞത്.

‘എംപി എന്ന നിലയിൽ 16 വർഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തിൽ പറഞ്ഞത്. ലേഖനത്തിൽ കേരളത്തിന്റെ സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് മുഴുവനായി എഴുതിയതല്ല. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പല കുറവുകളും ഉണ്ട്. ഇങ്ങനെയുളള വിഷയങ്ങളിൽ അടിസ്ഥാനമില്ലാതെ ഞാൻ എഴുതുകയോ സംസാരിക്കുകയോ ചെയ്യാറില്ല. . സ്റ്റാർട്ടപ്പുകളെക്കുറിച്ചാണ് എഴുതിയത്. ലേഖനത്തിൽ സിപിഎമ്മിന്റെ പേര് ചൂണ്ടിക്കാണിച്ചിട്ടില്ല. ഒരിക്കലും കേരളത്തിന്റെ നിലവിലുളള സർക്കാരിന്റെ ഭരണത്തിന് നൂറ് മാർക്ക് കൊടുക്കില്ല. അത്രയും പോരായ്മകൾ ഉണ്ട്. ഒരു മലയാളി ജനപ്രതിനിധിയായാണ് ഈ വിഷയത്തെ കണ്ടിരിക്കുന്നത്. താൻ തൻെറ അഭിപ്രായമാണ് പറഞ്ഞത് എന്നും ശശി തരൂർ വ്യക്തമാക്കി .
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയത് എന്നും
സംസ്ഥാന സർക്കാർ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കുമെന്നും ആവർത്തിച്ചു. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. കേരളത്തിലെ യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം വന്നാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാൻ ആവശ്യപ്പെട്ട കാര്യങ്ങളാണ്.

അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോർട്ട് കണ്ടതിനുശേഷമാണ് ഞാൻ ലേഖനം എഴുതിയത്. ഞാൻ ആവശ്യപ്പെട്ട കാര്യം കേരള സർക്കാർ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കണ്ടേ? മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്. 2014ലാണ് അത് തുടങ്ങിയത്. നല്ല കാര്യം ചെയ്താൽ അംഗീകരിക്കണമെന്നതാണ് തന്റെ വിശ്വാസം എന്നും തരൂർ പറഞ്ഞു. .
കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണം. സ്റ്റാർട്ടപ്പുകള്‍ അത്യാവശ്യമാണ്. ഇതെല്ലാം എല്‍.ഡി.എഫ് സർക്കാറിന് ചെയ്യാൻ സാധിക്കില്ലെന്നാണ് താൻ വിചാരിച്ചിരുന്നത്. രണ്ട് വർഷം മുമ്ബ് വരെ കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 28ഉം 26ഉം സ്ഥാനത്തായിരുന്നു. ഇതില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്തുമ്ബോള്‍ അത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. കേരളത്തിന്റെ ഭാവിയെകുറിച്ച് ആലോചിക്കുന്നെങ്കില്‍ രാഷ്ട്രീയത്തിന് അതീതമായി നമ്മള് കാണണം. ആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
അതേസമയം ശശിതരൂർ എം പി കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെ പ്രശംസിച്ചെഴുതിയ ലേഖനത്തിനു പിന്തുണയുമായി മുഖ്യമന്ത്രിയും, വ്യവസായ മന്ത്രിയുമടക്കം രംഗത്തെത്തി. സംസ്ഥാനത്തിന്റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ എന്നീ രണ്ട് കാര്യങ്ങളാണ് തരൂർ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. , നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്ന് കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ലേഖനമുണ്ടാക്കിയ ചർച്ചകളിലൂടെ കേരളത്തിൽ ഒരു മിനുട്ട് കൊണ്ട് വ്യവസായം ആരംഭിക്കാനാകുമെന്ന കാര്യവും, കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതാണെന്ന കാര്യവും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വലിയൊരു വിഭാഗം ആളുകളിലേക്ക് കൂടി എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചത്

വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്
കേരളം മുന്നേറണമെന്ന നമ്മുടെ നാടിന്റെ പൊതുവായ താൽപര്യമാണ് ശശി തരൂർ എം പി കേരളത്തിന്റെ വ്യാവസായിക രംഗത്തെ മുന്നേറ്റത്തെ പ്രകീർത്തിക്കുന്ന ലേഖനത്തിലൂടെ മുന്നോട്ടുവെച്ചത്. കേരളത്തിൽ ഒരു മിനുട്ട് കൊണ്ട് വ്യവസായം ആരംഭിക്കാനാകുമെന്ന കാര്യവും കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതാണെന്ന കാര്യവും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വലിയൊരു വിഭാഗം ആളുകളിലേക്ക് കൂടി എത്തിച്ചേർന്നിട്ടുണ്ട്. തീർച്ചയായും ഇത് കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ കടന്നുവരുന്നതിനും സാഹചര്യമൊരുക്കും. കേരളം ഇന്ന് നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമാണ്. ഏറ്റവും മികച്ച കമ്പനികൾ ഏറ്റവും മികച്ച ടാലൻ്റിനെത്തേടി ഏറ്റവും മികച്ച ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 ലക്ഷ്യസ്ഥാനത്തേക്ക് കടന്നുവരുന്നു. ഐബിഎം, കോങ്ങ്സ്ബെർഗ്, സ്ട്രാഡ ഗ്ലോബൽ, നോവ്.ഐഎൻസി, അർമാഡ.എഐ, സാഫ്രാൻ, ഡി സ്പേസ്, ഭാരത് ബയോടെക്, എച്ച് സി എൽ ടെക്, വിപ്രോ, ടി സി എസ്, അഡെസ്സോ ഗ്ലോബൽ, ടാറ്റ എൽക്സി, ഏൺസ്റ്റ് ആൻ്റ് യങ്ങ്, ഐബിഎസ് സോഫ്റ്റുവെയർ, ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ, സിസ്ട്രോം ടെക്നോളജീസ് തുടങ്ങി നിരവധി കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയോ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുകയോ ചെയ്തു. കേരളത്തിലെത്തിയ കമ്പനികൾ കൂടുതൽ കമ്പനികളുമായി കേരളത്തെക്കുറിച്ച് നല്ല അഭിപ്രായം പങ്കുവെക്കുകയും അവരെക്കൂടി കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയുമാണ് ചെയ്തത്. കേരളത്തിന് വേണ്ടി സംസാരിക്കാൻ ഈ നാട്ടിലെ വ്യവസായികൾ തയ്യാറാണ്. അപ്പോഴും ഇവിടെ ഇതൊക്കെ ശരിക്കും നടക്കുമോ എന്ന് ശങ്കയുള്ള ചിലർ കാണും, കാരണം അത്രമേൽ ആഴത്തിൽ കേരളത്തെക്കുറിച്ചൊരു പ്രൊപ്പഗണ്ട പണ്ടുമുതലേ പ്രചരിക്കപ്പെട്ടിരുന്നു. ഈ പ്രൊപ്പഗണ്ടയൊക്കെ ഇപ്പോൾ തകർന്നുകഴിഞ്ഞിരിക്കുന്നു. ഇന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. കേരളത്തിൽ ഇതൊക്കെ ‘ശരിക്കും നടക്കും.’
Shashi Tharoor’s article praising Kerala’s startup mission sparked debate. He pointed out Kerala’s economic challenges and the need for startups, noting former Chief Minister Oommen Chandy started this effort in 2014. Tharoor stressed the importance of recognizing good work. The article, supported by Chief Minister Pinarayi Vijayan and Industry Minister P. Rajeev, highlighted Kerala’s progress in being investment-friendly and leading in ease of doing business, attracting more companies and investments.