രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എജ്യുക്കേഷനുമായി (GEMS Education) സഹകരിച്ച് അദാനി ഫൗണ്ടേഷൻ (Adani Foundation). അദാനി കുടുംബത്തിൽ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെ ലോകോത്തര വിദ്യാഭ്യാസവും പഠന സൗകര്യങ്ങളും ഒരുക്കും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്ക് താങ്ങാനാവുന്ന ചിലവിൽ ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കാനും മികച്ച ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കാനും പദ്ധതി വഴിയൊരുക്കും. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്ക് (CSR) നേതൃത്വം നൽകുന്ന വിഭാഗമാണ് അദാനി ഫൗണ്ടേഷൻ.

2025-26 അധ്യയന വർഷത്തിൽ ലഖ്നൗവിൽ ആദ്യത്തെ ‘അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ്’ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റൻ നഗരങ്ങളിലുടനീളവും തുടർന്ന് ടയർ II മുതൽ IV വരെയുള്ള നഗരങ്ങളിലും കെ -12 വിഭാഗത്തിൽ കുറഞ്ഞത് 20 സ്കൂളുകളെങ്കിലും ആരംഭിക്കും. ഈ സ്കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30% സീറ്റുകൾ അർഹതയുള്ളവർക്ക് സൗജന്യമായിരിക്കും. ഇന്ത്യയിലെ മികച്ച പഠന ബോർഡുകളുമായി സംയോജിപ്പിച്ച ആഗോള പാഠ്യപദ്ധതിയായിരിക്കും ഈ സ്കൂളുകളിൽ നടപ്പാക്കുക.
അദാനി ഗ്രൂപ്പിന്റെ പാൻ-ഇന്ത്യൻ സാന്നിധ്യവും വിപുലമായ അടിസ്ഥാന സൗകര്യ ശേഷിയും ജെംസിന്റെ വിദ്യാഭ്യാസ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിപുലീകരിക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവുമായ മാതൃക വികസിപ്പിക്കാൻ പങ്കാളിത്തം പദ്ധതിയിടുന്നു. ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്നതും വ്യാപകമായി ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പഠിതാക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ജെംസ് എജ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി പറഞ്ഞു.
The Adani Foundation has partnered with GEMS Education to provide affordable quality education in India. With a donation of INR 2,000 Cr, they will build schools and research centers. The first school will open in Lucknow in 2025, offering 30% free seats for underprivileged children.