യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു റീട്ടെയിൽ ഗ്രൂപ്പ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലുലു റീട്ടെയിൽ പദ്ധതിയിടുന്നതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതോടെ യുഎഇയിലെ റീട്ടെയിൽ മേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.

ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ പ്രൊജക്റ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകൻ എം.എ യൂസഫലി പറഞ്ഞു. യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലെ ജനസംഖ്യ ഉയരുകയാണ്. അതിനാൽ ഈ പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. അതാത് പ്രദേശങ്ങളിലെ ജനസാന്ദ്രത കണക്കിലെടുത്ത് ഹൈപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോർ തുടങ്ങിയവ ആരംഭിക്കും-യൂസഫലി പറഞ്ഞു.

യുഎഇയ്ക്കു പുറമേ സൗദിയിലും വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതായി ലുലു റീട്ടെയിൽ സിഇഒ സെയ്ഫീ രൂപാവാല അറിയിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി സൗദിയിൽ 37 പുതിയ സ്റ്റോറുകൾ ആരംഭിക്കാനാണ് നീക്കം. യുഎഇ, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്റ്റോറുകളെല്ലാം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2024 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ഗ്രൂപ്പ് ഏകദേശം 55,000 മുഴുവൻ സമയ ജീവനക്കാരെ നിയമിച്ചതായും സിഇഒ പറഞ്ഞു.
Yusuff Ali’s Lulu Group to open 15 new retail projects in the UAE and 37 stores in Saudi Arabia, creating thousands of jobs across the region