പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ത്യയിൽ നിയമനങ്ങൾ നടത്താൻ നടപടികളുമായി ടെസ്ല സിഇഒ ഇലോൺ മസ്ക്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവിന്റെ വ്യക്തമായ സൂചനകൾ നൽകുന്നതാണ് ഇന്ത്യൻ നിയമന നീക്കം.

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല 13 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ സർവീസ് ടെക്നീഷ്യൻ, വിവിധ ഉപദേശക തസ്തികകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകൾ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. കസ്റ്റമർ എൻഗേജ്മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് ബാക്കിയുള്ള ഒഴിവുകൾ. ഈ തസ്തികകളിലേക്ക് മുംബൈയിൽ മാത്രമാണ് ടെസ്ല ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതിനെ കുറിച്ച് ഏറെ ചർച്ചകളും അതിലേറെ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്ക് ഉയർന്ന ഇറക്കുമതി തീരുവയുടെ പേരിൽ ടെസ്ല ഇന്ത്യയിലേക്ക് ഇല്ല എന്ന നിലപാടിലും ആയിരുന്നു.

എന്നാൽ അടുത്തിടെ ഇന്ത്യ 40000 ഡോളറിനു മുകളിൽ വിലയുള്ള ഹൈ എൻഡ് കാറുകളുടെ തീരുവ 110 ശതമാനത്തിൽ നിന്നും 70 ശതമാനമാക്കി കുറച്ചിരുന്നു. ഈ അനുകൂല നിലപാടും മോഡിയുമായുള്ള ചർച്ചയുടെ ഫലമായുമാണ് ടെസ്ലയുടെ ഇന്ത്യൻ വരവ് വേഗത്തിലായത് എന്ന് വിലയിരുത്തപ്പെടുന്നു.
Tesla starts hiring in India for 13 roles, including customer service and backend positions in Mumbai and Delhi, signaling its intent to enter the market following a meeting between Prime Minister Modi and Elon Musk.