ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് (flydubai) ഇന്ത്യയിൽ പുതിയ ആഭ്യന്തര എയർലൈൻ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. ഗോ ഫസ്റ്റ് (Go First) എയർവേയ്സ് ഏറ്റെടുക്കുന്നതിനായി ഫ്ലൈ ദുബായ് ബിസി ബീയുമായി (Busy Bee) പങ്കാളിത്തം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ഏവിയേഷൻ മാധ്യമമായ Aviation A2Z റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. കഴിഞ്ഞ കുറച്ച് കാലമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് അടച്ചുപൂട്ടി ആസ്തികൾ വിറ്റ് ബാദ്ധ്യതകൾ തീർക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഗോ ഫസ്റ്റിന്റെ വ്യാപാരമുദ്രകൾ, ഫ്ലൈയിംഗ് ലൈസൻസുകൾ, എയർപോർട്ട് സ്ലോട്ടുകൾ എന്നിവ സ്വന്തമാക്കുന്നതിനായി ബിസി ബീ കമ്പനിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെയാണ് ഫ്ലൈ ദുബായിയുടെ പുതിയ നീക്കം.

2024 മാർച്ചിലാണ് ബിസി ബീ ഗോ ഫസ്റ്റ് ഏറ്റെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഭൗതിക ആസ്തികൾ വാങ്ങുന്നതിനുപകരം എയർലൈനിന്റെ വ്യാപാരമുദ്രകൾ, വെബ്സൈറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾ സ്വന്തമാക്കി ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗോ ഫസ്റ്റിന്റെ വ്യാപാരമുദ്രകൾക്കും ലൈസൻസുകൾക്കുമായി ബിസി ബീ ഏകദേശം 1000 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിഡ് തുടരുന്നതിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (NCLAT) അംഗീകാരത്തിനായി കമ്പനി കാത്തിരിക്കുകയാണ്.
FlyDubai aims to enter India’s domestic market by partnering with Busy Bee to acquire Go First’s trademarks, licenses, and airport slots, boosting growth in Indian aviation