വെറും രണ്ടര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും മുംബൈയിൽ എത്തുന്നത് സങ്കൽപ്പിച്ചു നോക്കൂ. വിമാനം വഴിയാണ് യാത്ര എന്നു കരുതി സങ്കൽപ്പത്തിലും നിങ്ങൾ വലിയ നിരക്ക് കണക്കു കൂട്ടിക്കാണും. എന്നാൽ ഈ ദൂരം രണ്ടര മണിക്കൂറിൽ വെറും 500 രൂപയ്ക്ക് എത്തിച്ചേരാം എന്ന് പറഞ്ഞാലോ. അവിശ്വസനീയം എന്ന് തോന്നാം, എന്നാൽ സംഗതി യാഥാർത്ഥ്യമാകും എന്നാണ് ഐഐടി മദ്രാസ് പിന്തുണയുള്ള വാട്ടർഫ്ലൈ ടെക്നോളജീസ് (Waterfly Technologies) പറയുന്നത്.

വിങ് ഇൻ ഗ്രൗണ്ട് (WIG) എന്ന ഇലക്ട്രിക് സീ ഗ്ലൈഡറുകൾ വഴിയാണ് ഏറെ ദൂരം കുറഞ്ഞ ചിലവിൽ പോകാനാകുന്ന അത്ഭുതയാത്ര യാഥാർത്ഥ്യമാകുക. വെള്ളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് നാല് മീറ്റർ ഉയരത്തിൽ പറക്കാവുന്ന തരത്തിലുള്ള സീഗ്ലൈഡറുകളാണ് വാട്ടർഫ്ലൈ ടെക്നോളജീസ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. യാത്രയിലുടനിളം ജലോപരിതലത്തിൽ നിന്നും 4 മീറ്റർ ഉയരം നിലനിർത്താൻ വാട്ടർ ഗ്ലൈഡറിന് കഴിയും. ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ധനക്ഷമത വർധിക്കുകയും യാത്രാച്ചിലവ് വലിയ രീതിയിൽ കുറയ്ക്കാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. എപ്പോൾ വേണമെങ്കിലും വെള്ളത്തിൽ ലാൻഡ് ചെയ്യാം എന്നതുകൊണ്ട് സീഗ്ലൈഡറുകൾക്ക് അപകട സാധ്യതയും കുറവാണ്.
ഇത്തരത്തിൽ പ്രവർത്തിപ്പിക്കുന്ന സീ ഗ്ലൈഡർ വഴി കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് 600 രൂപ ചിലവിൽ മൂന്ന് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും എന്നും കമ്പനി സഹസ്ഥാപകൻ ഹരീഷ് രാജേഷ് പറയുന്നു. എയ്റോ ഇന്ത്യ 2025 പ്രദർശനത്തിന്റെ ഭാഗമായാണ് കമ്പനി സീ ഗ്ലൈഡറിന്റെ ഡിസൈൻ പ്ലാൻ പ്രദർശിപ്പിച്ചത്. ഏപ്രിലോടെ ഇതേ മാതൃകയിൽ 100 കിലോഗ്രാം വഹിച്ച് യാത്ര സാധ്യമാക്കുന്ന പ്രോട്ടോടൈപ്പിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ഹരീഷ് പറഞ്ഞു. അടുത്ത വർഷത്തോടെ 20 പേർക്ക് യാത്ര ചെയ്യാവുന്ന സീ ഗ്ലൈഡറുകളുടെ സമ്പൂർണ പതിപ്പ് പുറത്തിറക്കാനാണ് പദ്ധതി.
Waterfly Technologies, backed by IIT Madras, plans Rs 600 Chennai-Kolkata travel using electric seagliders, revolutionizing fuel efficiency and affordability.