പ്രയാഗ്രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദിവസേനയുള്ള ഭക്തജനപ്രവാഹത്തിനിടയിൽ ശുചിത്വം പരിപാലിക്കുക എന്നതാണ്.

കുംഭമേള നടക്കുന്ന ഇടത്തെ 1.5 ലക്ഷത്തിലധികം ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് ശുചിത്വ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ, സർക്കാർ ഏജൻസികൾ ഒരു കോടി ലിറ്ററിലധികം ക്ലീനിംഗ് ലായനികളാണ് ഇതുവരെ ഉപയോഗിച്ചത്. ശുചിമുറി ശുചിത്വത്തിനായി നൂതന ഓക്സിഡേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ ബാംഗ്ലൂർ സർവകലാശാലയെ നിയോഗിച്ചിരുന്നു.

ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതൽ മേളയിലേക്ക് 50 കോടിയിലധികം ഭക്തരാണ് എത്തിയത്. പ്രദേശത്തെ ശുചിത്വ പരിപാലനത്തിനായി 3.5 ലക്ഷം കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ, 75600 ലിറ്റർ ഫിനോൾ, 41000 കിലോഗ്രാം മാലത്തിയോൺ എന്നിവയുൾപ്പെടെയുള്ള ക്ലീനിംഗ് സാമഗ്രികളാണ് അധികൃതർ ഏർപ്പാടാക്കിയത്.

‘സ്വച്ഛ് കുംഭിനായി’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമനുസരിച്ച് നിരവധി ഏജൻസികൾ പരിസ്ഥിതി സൗഹൃദ ക്ലീനിംഗ് പരിഹാരങ്ങളാണ് ഉപയോഗിക്കുന്നത്.

ശുചിത്വ നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്രാജിലെ ബസ്വാർ പ്ലാന്റിൽ പ്രതിദിനം 650 മെട്രിക് ടൺ മാലിന്യ സംസ്കരണമാണ് നടക്കുന്നത്. മലിനജല സംസ്കരണത്തിനായി 350 സക്ഷൻ മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. നദീ മലിനീകരണം തടയുന്നതിനായി നഗരത്തിലെ മൂന്ന് സ്ഥിരം മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് പുറമേ മൂന്ന് താൽക്കാലിക മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
The Maha Kumbh in Prayagraj attracts millions, posing sanitation challenges. A large-scale effort using eco-friendly solutions, advanced waste management, and worker welfare initiatives ensures hygiene and environmental responsibility.