സംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദേശീയപാതാ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സദസ്സിനെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ആകെ മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു.

സംസ്ഥാനത്തിൻറെ സമഗ്രവികസനത്തിന് മോദി സർക്കാരിൻറെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ദേശീയപാതകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. ഇതിലൂടെ ടൂറിസം, എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിലവിൽ നടത്തുന്നതും പുതിയതുമായ മൂന്ന് ലക്ഷം കോടി രൂപയുടെ റോഡ് നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഇതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

120 കിമി ദൂരം വരുന്ന 10,840 കോടി രൂപയുടെ അഞ്ച് പാക്കേജുകളാണ് പുതുതായി അനുവദിക്കുന്നത്. ഇത് കരാർ നൽകുന്നതിൻറെ വിവിധ ഘട്ടങ്ങളിലാണ്. മൂന്നുമാസത്തിനുള്ളിൽ ഈ പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്-കോഴിക്കോട് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് റോഡ് സേലത്തെ വ്യവസായനഗരവുമായി മലബാർ മേഖലയെ ബന്ധിപ്പിക്കാൻ സഹായിക്കും. അങ്കമാലിയിലെ കരയാമ്പറമ്പ് മുതൽ കുണ്ടന്നൂർ വരെയുള്ള 45 കിമി ദൈർഘ്യമുള്ള നിർദ്ദിഷ്ട ഗ്രീൻ ഫീൽഡ് പാത എൻഎച് 544, 66 എന്നിവയെ ബന്ധിപ്പിക്കും. 6,500 കോടി രൂപ ഇതിനു ചെലവ് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം നിർമ്മാണം ആരംഭിക്കും. നിലവിൽ ഒന്നരസമണിക്കൂറെടുക്കുന്ന യാത്രാസമയം 20 മിനിറ്റായി ചുരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഔട്ടർ റിങ് റോഡാണ് മറ്റൊരു പദ്ധതി. 68.7 കിമി ദൈർഘ്യമുള്ള ഈ പാതയ്ക്ക് 5,000 കോടി രൂപയാണ് ചെലവ്. 90 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ നിർമ്മാണം ആരംഭിക്കാം. വിശദമായ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞു. ഔട്ടർ റിങ് റോഡ് പൂർത്തിയായാൽ വിഴിഞ്ഞത്തേക്കുള്ള പാത സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. ഇടമൺ-കൊല്ലം പാത നാലുവരിയാക്കുന്ന പദ്ധതിയും നിഥിൻ ഗഡ്കരി പ്രഖ്യാപിച്ചു. അഞ്ച് മാസത്തിനകം നിർമ്മാണം ആരംഭിക്കും. കൊല്ലത്തു നിന്നും മധുര വരെയുള്ള സുഗമമായ യാത്ര ഇത് സാധ്യമാക്കും. യാത്രാസമയം ആറ് മണിക്കൂറിൽ നിന്നും രണ്ടു മണിക്കൂറായി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

എംഎസ്എംഇ, ടൂറിസം, കയർ-ഭൂവസ്ത്ര വ്യവസായം, റബർ, ആയുർവേദം എന്നിവയാണ് കേരളത്തിൽ വൻ വളർച്ചാശേഷിയുള്ള മേഖലകൾ. നിലവിൽ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ ദേശീയപാതാ വികസനം പൂർത്തിയാക്കിക്കഴിഞ്ഞു. 60,000 കോടിയുടെ വികസനപ്രവർത്തനങ്ങൾ പലഘട്ടങ്ങളിലാണ്. കേരളത്തിലെ ജനങ്ങളുടെ സംസ്ക്കാരം, ജീവിതനിലവാരം, ആരോഗ്യശ്രദ്ധ, വിദ്യാഭ്യാസം എന്നിവയെ മന്ത്രി പ്രകീർത്തിച്ചു. കേരളത്തിൻറെ ചരിത്രം ഇന്ത്യയുടെ ചരിത്രാമാണെന്നും അദ്ദേഹം പറഞ്ഞു.
Union Minister Nitin Gadkari announces 31 new national highway projects worth Rs 50,000 crore in Kerala. The projects aim to boost tourism, MSME sectors, and infrastructure development.