ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. സർക്കാർ പദ്ധതികൾ മുതലുള്ള നിരവധി കാര്യങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പലർക്കുമുള്ള ആശങ്കയാണ് ആദായ നികുതി നോട്ടീസ് വരാതെ സേവിങ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്നത്. ആദായനികുതി നിയമം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ സേവിങ്സ് അക്കൗണ്ടിലെ ആകെ പണ നിക്ഷേപങ്ങളോ പിൻവലിക്കലുകളോ 10 ലക്ഷം രൂപയിൽ കൂടുതൽ ആകരുത്. ഈ പരിധി കവിഞ്ഞാൽ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നും അന്വേഷണങ്ങൾക്ക് കാരണമാകും.
പ്രതിദിന പണമിടപാട് പരിധി
പലപ്പോഴും ഉന്നയിക്കപ്പെടുന്ന മറ്റൊരു ചോദ്യം ഒരു ദിവസത്തെ പണമിടപാടുകളുടെ പരിധിയെക്കുറിച്ചാണ്. ആദായ നികുതി നിയമം സെക്ഷൻ 269ST പ്രകാരം ഒരു വ്യക്തിക്ക് ഒരു ഇടപാടിലോ അനുബന്ധ ഇടപാടുകളിലോ ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ രൂപ പിൻവലിക്കാൻ സാധ്യമല്ല. വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിലെ മൊത്തം പണ നിക്ഷേപം ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകൾ അത് ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. നിക്ഷേപങ്ങൾ ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകളിലായിട്ടാണ് ഉള്ളതെങ്കിലും ഈ വ്യവസ്ഥ ബാധകമാണ്.
പരിധി കവിഞ്ഞാൽ
ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചാൽ അത് ഉയർന്ന മൂല്യമുള്ള ഇടപാടായാണ് (High Value Transaction) കണക്കാക്കുക. ആദായ നികുതി നിയമം സെക്ഷൻ 114B പ്രകാരം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം നിക്ഷേപങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കണം. ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപകന്റെ പാൻ നമ്പർ നൽകിയിരിക്കണം. ഇനി പാൻ ഇല്ലാത്ത വ്യക്തിയാണ് ഇത്തരത്തിൽ നിക്ഷേപിക്കുന്നതെങ്കിൽ പാനിനു ബദലായി ഫോം 60/61 സമർപ്പിക്കണം.
പ്രതികരിക്കേണ്ടത് ഇങ്ങനെ
ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് ആദായനികുതി നോട്ടീസ് ലഭിക്കുകയാണെങ്കിൽ ഫണ്ടിന്റെ ഉറവിടത്തെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച തെളിവുകൾ കൈവശം ഉണ്ടായിരിക്കണം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, നിക്ഷേപ രേഖകൾ, അനന്തരാവകാശവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉറപ്പില്ലെങ്കിലോ ആശങ്കയുണ്ടെങ്കിലോ മാർഗനിർദേശത്തിനായി ടാക്സ് അഡ്വൈസേർസിനെ സമീപിക്കാവുന്നതാണ്.
Banks report cash deposits exceeding ₹10 lakh in a financial year to the Income Tax Department. Know the limits and tax implications of high-value transactions.