നേര്‍ത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയില്‍ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീന്‍, ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി എന്നിവ വിളമ്പുന്നതും അതിന്റെ രുചി ആസ്വദിക്കുന്നതും, വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ. കേരളത്തിന്റെ ഈ മഹത്തായ രുചിക്കൂട്ടുകൾ ഒരിക്കലെങ്കിലും ആസ്വദിക്കാതെ പോകരുതെന്നും, വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികള്‍ നഷ്ടപ്പെടുത്തരുതെന്നും ലോൺലി പ്ലാനറ്റ് ആഗോള സഞ്ചാരികളെ ഓർമിപ്പിക്കുന്നു.
അന്താരാഷ്ട്ര മാസികയായ ലോൺലി പ്ലാനെറ്റിന്റെ 2026 ലെ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ലോകത്തിലെ 25 മികച്ച യാത്രാനുഭവങ്ങളിൽ Lonely Planet’s list of the 25 best experiences to enjoy while travelling the world in 2026 കേരളത്തിന്റെ രുചിയുമുണ്ട്. കൊച്ചിയാണ് ഏറ്റവും രുചിയേറിയ ഇടമെന്നും പരാമർശമുണ്ട്. സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ പ്ലാനെറ്റിന്റെ പട്ടികയിലുണ്ട്. കേരളമാണ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനം.
ലോകത്തെ ഒട്ടുമിക്ക ഇന്ത്യന്‍ ഭക്ഷണ ശാലകളിലും കേരള വിഭവങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ മലയാള രുചികള്‍ തേടി മാത്രം സഞ്ചാരികള്‍ കേരളത്തിലേക്ക് എത്താറുണ്ടെന്നതും വലിയ പ്രത്യേകതയാണ് എന്ന് ലോൺലി പ്ലാനറ്റ് സാക്ഷ്യപ്പെടുത്തുന്നു . ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജൈവവൈവിധ്യങ്ങളും കൊണ്ട് സമൃദ്ധമായ കേരളം ലോകം ചുറ്റി സഞ്ചരിക്കുന്ന ഭക്ഷണ പ്രേമികളുടെ പറുദീസയായി ഇതിനകം മാറിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ കോണിലുള്ള ഭക്ഷണ പ്രേമികളെ കേരളത്തിലെ ഭക്ഷണപ്പെരുമ കൊണ്ട് ആകര്‍ഷിക്കാനും സാധിക്കുന്നു.
കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വാഴയിലയില്‍ വിളമ്പുന്ന സദ്യ മുതല്‍ കേരളത്തിന്‍റെ തനത് മീന്‍കറി വരെയുള്ള രുചികളും ആസ്വദിക്കാനാകും. സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴം പൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയല്‍, തോരന്‍, രസം, സാമ്പാര്‍, അച്ചാര്‍, പഴം, പപ്പടം, പായസം എന്നിവയുള്‍പ്പെടെ വീട്ടില്‍ പാകം ചെയ്യുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികള്‍ നഷ്ടപ്പെടുത്തരുതെന്നും ലോണ്‍ലി പ്ലാനറ്റില്‍ പറയുന്നു. ത്രസിപ്പിക്കുന്ന രുചിവൈവിധ്യങ്ങളുടെ നാടായ കേരളത്തിലെ ഓരോ പ്രദേശത്തിനും വ്യത്യസ്ത രുചിക്കഥകള്‍ പറയാനുണ്ടാകും. വടക്കന്‍ മലബാര്‍ മേഖലയിലെ മാപ്പിള പാചകം മുതല്‍ തെക്കന്‍ മേഖലയിലെ തേങ്ങയും അരിയും ചേര്‍ത്തുള്ള അപ്പം വരെ നീളുന്ന രുചി ഭേദങ്ങളുടെ നാടാണിത്.
കൊച്ചിയെ ഏറ്റവും പ്രചോദനാത്മകമായ സ്ഥലങ്ങളില്‍ ഒന്നെന്നും ലോണ്‍ലി പ്ലാനറ്റ് വിശേഷിപ്പിക്കുന്നു
വിവിധതരം രുചികളാല്‍ സമ്പന്നമായ കേരളത്തിലെ ഭക്ഷണവിഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ സാംസ്കാരിക സ്വാധീനത്തേയും പ്രാദേശിക ചേരുവകളെയും പ്രതിഫലിപ്പിക്കുന്നതാണ്. സുഗന്ധദ്രവ്യങ്ങളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ കലവറയാണ് കേരളം. ഭക്ഷണ കാര്യത്തില്‍ പ്രാചീനകേരളം പുലര്‍ത്തിയ സംസ്കാരവും ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത പാചകക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാചകരീതികളും കേരളത്തിലെ ഭക്ഷണവിഭവങ്ങളെ വേറിട്ടതാക്കുന്നു.
സംസ്ഥാനത്തിന്‍റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷ്യപൈതൃകത്തെ ആഗോള സമൂഹം കൂടുതലായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ സുന്ദരമായ കായലുകള്‍, മണല്‍ നിറഞ്ഞ ബീച്ചുകള്‍, മനോഹരമായ മലനിരകള്‍ എന്നിവയ്ക്കപ്പുറം ഭക്ഷണവിഭവങ്ങളേയും ലോകം അംഗീകരിക്കുന്നതായി കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഇവിടുത്തെ അതുല്യമായ രുചികളും പാരമ്പര്യ പാചകവിധികളും പ്രാദേശിക ഭക്ഷണവിഭവങ്ങളെ നിര്‍വചിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Lonely Planet names Kerala cuisine among the world’s 25 best travel experiences for 2026, celebrating its Sadya, seafood, and vibrant food heritage.
