മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് മാർക്ക് സക്കർബർഗിന്റെ മെറ്റാ (Meta) ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിരിച്ചുവിടലുകൾ ഉണ്ടായത്. ജീവനക്കാരിൽ ചിലർ തന്റെ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി സക്കർബർഗ് പറഞ്ഞു. ഏത് ഉദ്ദേശ്യത്തോടെ ആയാലും ആന്തരിക വിവരങ്ങൾ ചോർത്തുന്നത് മെറ്റായുടെ കമ്പനി നയങ്ങൾക്ക് വിരുദ്ധമാണ്. ജീവനക്കാർ കമ്പനിയിൽ ചേരുമ്പോൾ തന്നെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്താറുള്ളതാണെന്നും മെറ്റാ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
അടുത്തിടെ കമ്പനി നടത്തിയ അന്വേഷണത്തിൽ കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനാൽ അന്വേഷണം തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കമ്പനി ഗൗരവമായി കാണുന്നു. കൂടുതൽ ചോർച്ചകൾ തിരിച്ചറിയുന്നതിന് അനുസരിച്ച് നടപടിയെടുക്കുന്നത് തുടരും-കമ്പനി കൂട്ടിച്ചേർത്തു.
Meta fires employees for leaking confidential information as Mark Zuckerberg’s company enforces strict crackdown on internal leaks