ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളര്‍ (Technicolor). പാരീസ് ആസ്ഥാനമായുള്ള ടെക്നികളർ ഗ്രൂപ്പിന്റെ ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായാണ് ടെക്നികളർ ഇന്ത്യ എന്ന പേരിലുള്ള ഇന്ത്യയിലെ സ്റ്റുഡിയോകൾ പൂട്ടുന്നത്. നിരവധി ഹോളിവുഡ് സിനിമാ നിർമ്മാണ സ്ഥാപനങ്ങളുടെ മുഴുനീള ഫീച്ചർ ഫിലിമുകൾക്ക് വിഷ്വൽ ഇഫക്‌ടുകളും ആനിമേഷൻ ഗ്രാഫിക്‌സും വികസിപ്പിച്ചിട്ടുള്ള കമ്പനിയുടെ മുംബൈ, ബെംഗളൂരു സ്റ്റുഡിയോകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ഇന്ത്യയിൽ 3200ഓളം പേർക്കാണ് ടെക്നികളറിന്റെ അടച്ചുപൂട്ടലോടെ ജോലി നഷ്ടപ്പെടുക. ഇതിൽ 3000ഓളം പേർ ബെംഗളൂരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫ്രാൻസ്, യുഎസ്, ക്യാനഡ എന്നിവിടങ്ങളിലായി 10000ത്തിലധികം ജീവനക്കാരാണ് ടെക്നികളറിന് ഉള്ളത്. അടച്ചുപൂട്ടലിനെ കുറിച്ച് ടെക്നികളർ ഇന്ത്യ മേധാവി ബിരേന്‍ ഘോഷ് പ്രതികരണം നടത്തി. കമ്പനി സാമ്പത്തികമായും പ്രവർത്തനപരമായും മുന്നോട്ട് പോകുന്നില്ല, ഒരു സ്ഥാപനമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കമ്പനി എത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
നേരത്തെ ബിസിനസ് തുടരുന്നതിന് നിക്ഷേപകരെ കണ്ടെത്താൻ കഴിയാത്തതിനാൽ മാതൃകമ്പനിയായ ടെക്‌നികളർ ഗ്രൂപ്പ് ഫ്രാൻസിലെ കോടതിയിൽ വീണ്ടെടുക്കൽ നടപടിക്രമങ്ങൾക്കായി അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേത് അടക്കമുള്ള അടച്ചുപൂട്ടൽ വാർത്ത പുറത്തുവന്നത്.
Technicolor India shuts down operations in Bengaluru and Mumbai, leaving 3,000 employees jobless amid global VFX industry challenges and parent company’s financial struggles