ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറുമായി റെഡി-ടു-കുക്ക് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). ഇതിലൂടെ 5,000 കോടി രൂപയുടെ ഇന്ത്യൻ റെഡി-ടു-ഹീറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ് കമ്പനി. പ്രഭാത ഭക്ഷണം അടക്കം സമ്പൂർണ്ണ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്ന രീതിയിൽ കമ്പനി പോർട്ട്ഫോളിയോ വികസിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ ഉത്പന്നത്തിനു പിന്നിലുണ്ട്.

പ്രിസർവേറ്റീവുകളും കെമിക്കലുകളും അടങ്ങാത്ത ഫ്രഷ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറാണ് കമ്പനി പുറത്തിറക്കുന്നതെന്ന് ഐഡി
ഫ്രഷ് ഫുഡ്സിന്റെ ചെയർമാനും ഗ്ലോബൽ സിഇഒയുമായ പി.സി. മുസ്തഫ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിവേഗം വളരുന്ന റെഡി-ടു-ഹീറ്റ് വിപണിയിലേക്കുള്ള ഐഡിയുടെ പ്രവേശനമാണ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഡൽഹി എന്നിവിടങ്ങളിലെ എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉൽപന്നം ലഭ്യമാകും.

റെഡി-ടു-ഹീറ്റ് ഫ്രഷ് സാമ്പാർ മികച്ച പ്രഭാതഭക്ഷണ അനുഭവം പൂർത്തിയാക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഐഡി ഫ്രഷ് ഫുഡ് സിഇഒ (ഇന്ത്യ) രജത് ദിവാകർ പറഞ്ഞു. ഹീറ്റ് ട്രീറ്റ്മെന്റിനായി നൂതന തെർമൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സാമ്പാർ നിർമിച്ചിരിക്കുന്നത്. പച്ചക്കറികൾ ഉൾപ്പെടെ 11 ചേരുവകളും സാമ്പാറിൽ ഉൾപ്പെടുന്നു. 2005ൽ സ്ഥാപിതമായതും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഐഡി ഫ്രഷ് ഫുഡ് വെറ്റ് ദോശ ബാറ്ററിലൂടെയാണ് പ്രശസ്തമായത്.
iD Fresh Food launches its preservative-free homestyle sambar, expanding its ready-to-heat range and tapping into the growing market for convenient, healthy meals