ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും മികച്ച കരിയർ പടുത്തുയർത്തിയ താരങ്ങളിൽ ഒരാളാണ് നയൻതാര. വർഷങ്ങൾ നീണ്ട കരിയറിലൂടെ താരത്തിന്റെ ആസ്തിയും ഉയർന്നുയർന്നു പോയി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 75ലധികം സിനിമകളിൽ അഭിനയിച്ചുട്ടുള്ള താരത്തിന്റെ ആസ്തി 200 കോടി രൂപയോളമാണ്.

പത്ത് കോടി രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരം പ്രതിഫലം വാങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരസ്യചിത്രങ്ങളിലെ അഭിനയത്തിനു ലഭിക്കുന്ന പ്രതിഫലം ഇതിനു പുറമേയാണ്. അടുത്തിടെ വെറും 50 സെക്കൻഡ് മാത്രമുള്ള ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

2003ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ യിലൂടെയാണ് നയൻതാരയുടെ സിനിമാ അരങ്ങേറ്റം. അതിനു മുൻപ് ഒരു ചാനലിൽ അവതാരകയായിരുന്നു നയൻതാര. 2005ൽ ഇറങ്ങിയ അയ്യയാണ് നയൻതാരയുടെ ആദ്യ തമിഴ് ചിത്രം.

അതിൽപ്പിന്നെ തമിഴ് സിനിമാ ലോകത്തെ കിരീടം അണിഞ്ഞ രാജകുമാരിയായി നയൻതാര വളർന്നു, ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് വന്നു. എന്നാൽ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2023ൽ ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെയാണ് നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ആഢംബര ജീവിതത്തിന്റെ പേരിലും നയൻതാര വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. 50 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റ് മുതൽ കോടിക്കണക്കിനു രൂപയുടെ കാറുകൾ വരെ താരത്തിനു സ്വന്തമായുണ്ട്. ചെന്നൈ, എഗ്മോർ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി നിരവധി ആഢംബര വസതികളും താരത്തിന്റെ പേരിലുണ്ട്. താരത്തിന്റെ വീടുകളുടെ മൂല്യം മാത്രം 100 കോടി രൂപയ്ക്ക് മുകളിൽ വരും എന്നാണ് റിപ്പോർട്ട്.
Nayanthara, the Lady Superstar of Indian cinema, has a net worth of ₹200 crore in 2025. From film earnings to luxury assets, here’s a look at her wealth.