ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഹെവി ട്രക്കുകളുടെ (hydrogen-powered heavy-duty trucks) പരീക്ഷണയോട്ടം ആരംഭിച്ച് രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കളായ ടാറ്റ മോട്ടോർസ് (Tata Motors). രണ്ട് വർഷത്തേക്കാണ് ടാറ്റ മോട്ടോർസ് ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം നടത്തുക. വ്യത്യസ്ത കോൺഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള 16 നൂതന ഹൈഡ്രജൻ ഹെവി ട്രക്കുകളാണ് ടാറ്റ ലോഞ്ച് ചെയ്തിരിക്കുന്നത്.
ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത വിലയിരുത്തുകയാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ പരീക്ഷണ ഓട്ടത്തിനായി ടാറ്റ മോട്ടോർസിന് ടെൻഡർ നൽകിയിരുന്നു. ബാറ്ററി ഇലക്ട്രിക്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൻ, ഹൈഡ്രജൻ ഫ്യൂവൽ സെൽ തുടങ്ങിയ ബദൽ ഇന്ധന സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന നൂതന മൊബിലിറ്റി സൊല്യൂഷനുകളാണ് ടാറ്റ മോട്ടോർസ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പുതുതലമുറ ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എഞ്ചിൻ (H2-ICE), ഫ്യുവൽ സെൽ (H2-FCEV) സാങ്കേതികവിദ്യകളാണ് ടാറ്റ ഹൈഡ്രജൻ ട്രക്കുകളുടെ സവിശേഷതകൾ. രാജ്യത്തെ പ്രധാന ചരക്കുഗതാഗത പാതകളായ മുംബൈ, പൂണെ, ഡൽഹി, സൂറത്ത്, വഡോദര, ജംഷദ്പൂർ, , കലിംഗനഗർ എന്നിവിടങ്ങളിലായാണ് ടാറ്റ ഹൈഡ്രജൻ ട്രക്കുകൾ ട്രയൽ സർവീസ് നടത്തുക.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം ട്രയൽ റണ്ണിന്റെ ഫ്ലാഗ് ഓഫ് നടത്തി. ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജൻ എന്നും ഇന്ത്യയുടെ ഗതാഗത മേഖലയെ മാറ്റിമറിക്കാനുള്ള ശേഷി അവയ്ക്കുണ്ടെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു.
Tata Motors begins India’s first hydrogen-powered truck trials with advanced H2-ICE and FCEV technology, testing 16 heavy-duty vehicles across key freight routes to drive sustainable and zero-emission transportation.