ദുബായിൽ നിന്ന് സ്വർണം കടത്തിയ കേസിൽ കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായിരുന്നു. 15 കിലോഗ്രാം ഭാരമുള്ള 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് രന്യയുടെ പക്കൽനിന്നും പിടിച്ചത്. സംഭവത്തിനു ശേഷം രന്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്.
ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവു രന്യയുടെ രണ്ടാനച്ഛനാണ്. ചിക്കമംഗളൂർ സ്വദേശിനിയായ രന്യ ബെംഗളൂരു ദയാനന്ദ സാഗർ എഞ്ചിനീയറിങ് കോളേജിൽ നിന്നും പഠനശേഷമാണ് സിനിമയിലേക്കെത്തിയത്. 2014ൽ മാണിക്യ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ രന്യ വെറും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. 2016ൽ ഇറങ്ങിയ തമിഴ് ചിത്രം വാഗ, 2017ൽ ഇറങ്ങിയ കന്നഡ ചിത്രം പതാകി എന്നിവയാണ് രന്യയുടെ മറ്റു ചിത്രങ്ങൾ. രന്യയുടെ വിവാഹം നാലു മാസങ്ങൾക്കു മുൻപ് കഴിഞ്ഞെന്നും അതിനുശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവു പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 തവണയാണ് രന്യ ദുബായിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രയിലും കിലോ കണക്കിന് സ്വർണമാണ് രന്യ തിരികെ കൊണ്ടുവന്നത്. കള്ളക്കടത്ത് സ്വർണത്തിന് ഒരു കിലോഗ്രാമിന് ഒരു ലക്ഷം രൂപ വീതം രന്യയ്ക്ക് ലഭിച്ചതായും ഓരോ യാത്രയിലും ഏകദേശം 12-13 ലക്ഷം രൂപ അവർ സമ്പാദിച്ചതായുമാണ് റിപ്പോർട്ട്. സ്വർണം കടത്തുന്നതിനായി നടി പ്രത്യേക ജാക്കറ്റുകളും വെയ്സ്റ്റ് ബെൽറ്റും ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എല്ലാ യാത്രകളിലും നടി ഒരേ തരത്തിലുള്ള ജാക്കറ്റുകളും ബെൽറ്റുകളും ആണ് ഉപയോഗിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) അറസ്റ്റ് ചെയ്യുന്ന സമയത്ത് രന്യയുടെ ജാക്കറ്റിൽ സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നു. ദുബായിലേക്കുള്ള പതിവ് യാത്രകൾ കാരണം കുറച്ചു കാലമായി രന്യ റാവു അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.
Kannada actress Ranya Rao, known for Manikya and Pataki, was arrested at Bengaluru airport for smuggling 14.8 kg of gold worth ₹12 crore from Dubai. The stepdaughter of IPS officer K. Ramachandra Rao, she claims she was blackmailed into the crime, raising questions about a larger smuggling network.