
സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ദിവസേന പ്രചോദനാത്മകമായ ജീവിതങ്ങളുടെ പ്രളയം തന്നെ കാണാം. അതിൽ വേറെ ലെവലിൽ നിൽക്കുന്ന ജീവിതഗാഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള പിങ്കി ഹര്യാൻ്റേത്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന് കഠിനാധ്വാനം ചെയ്ത് പഠിച്ച് ഡോക്ടറാകുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ ആളാണ് പിങ്കി.
ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച പിങ്കി ഹര്യാന്റെ ബാല്യം ദുഷ്‌കരമായിരുന്നു. ചരൺ ഖുഡിലെ ചേരിയിലായിരുന്നു പിങ്കിയുടെ കുടുംബം താമസിച്ചിരുന്നത്. വഴിയിൽ ഭിക്ഷ യാചിച്ചും ജീവിക്കാൻ വേണ്ടി മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് ഭക്ഷണം ശേഖരിച്ചുമുള്ള ദുരവസ്ഥയിലൂടെ പിങ്കി കടന്നുപോയി. 2004 ൽ മക്ലിയോഡ്ഗഞ്ചിൽ താമസിക്കുന്ന ധർമ്മശാലയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ തലവനായ ലോബ്സാങ് ജാംയാങ് എന്ന ബുദ്ധ സന്യാസിയുമായി കണ്ടുമുട്ടിയതാണ് പിങ്കിയുടെ ജീവിതം മാറ്റിയത്. ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ പിങ്കിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം വാഗ്ദാനം ചെയ്തതോടെ പിങ്കിയുടെ ജീവിതത്തെയും വിധിയെയും പൂർണ്ണമായും മാറ്റിമറിച്ചു.
പഠനത്തിൽ മികവ് പുലർത്തിയ പിങ്കി അസാധാരണമായ അക്കാദമിക് മികവ് പ്രകടിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ശേഷം നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച പിങ്കിക്ക് എന്നാൽ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞില്ല. ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും പിങ്കിയുടെ രക്ഷയ്‌ക്കെത്തി. 2018 ൽ ചൈനയിലെ പ്രശസ്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ സംഘടനയുടെ യുകെ ചാപ്റ്റർ പിങ്കിയെ സഹായിച്ചു. ആറ് വർഷങ്ങൾക്ക് ഇപ്പുറം എംബിബിഎസ് ബിരുദം നേടിയ പിങ്കി ധർമ്മശാലയിൽ തിരിച്ചെത്തി. ഇന്ത്യയിൽ പ്രാക്ടീസ് ആരംഭിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനായി ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്കായുള്ള (FMGE) ഒരുക്കത്തിലാണ് പിങ്കി ഇപ്പോൾ.
From a life of poverty in Mcleodganj to becoming a doctor, Pinki Haryan’s journey is an inspiring tale of resilience and hope. Read her incredible story.