എറണാകുളത്തെ  കളമശ്ശേരിയിൽ 1000 കോടി രൂപ ചിലവിൽ  ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം  തത്വത്തിൽ അനുമതി നൽകി. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത്  ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവുമുൾപ്പെടെ 1000 കോടിയിൽപരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. ജനങ്ങള്‍ക്കുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കുന്നത്.

2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ സിറ്റിക്ക് ധാരണയായത്.  ഇതിൻ്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവർക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കിയത്.

കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ  ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവ കളമശേരിയിൽ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  

നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്.   നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്.  ഈ സാഹചര്യത്തിലാണ് വിശാലമായ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തിൽ തത്വത്തിൽ അനുമതി നൽകിയത്.

A new Judicial City, including the Kerala High Court, is set to be established in Kalamassery on 27 acres of HMT land at a cost of ₹1000 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version