എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറ് തികച്ചു. പുതുതായി ബോയിങ് 737-8 വിമാനം ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഇത്. ബെംഗളൂരു-ഹിൻഡൺ റൂട്ടിലെ വിമാനമാണ് കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്തത്. ഈ മാസം അവസാനത്തോടെ ദിവസം 500ലധികം ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി ഇന്ത്യയിലും മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ 54 പുതിയ കേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
2022ൽ 26 ബോയിങ് 737 എൻജിഎസ്, 28 എ320 എയർക്രാഫ്റ്റ് എന്നിങ്ങനെയായിരുന്നു ടാറ്റ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുമ്പോഴുള്ള വിമാനങ്ങളുടെ എണ്ണം. ഇപ്പോൾ അത് ഇരട്ടിയാക്കി 100ഓളം വിമാനങ്ങളിൽ എത്തിക്കാൻ സാധിച്ചു. കർണാടകയുടെ പരമ്പരാഗത ചിത്രകലയായ ചിത്താര ആർട്ട് ഉൾപ്പെടുത്തിയാണ് പുതിയ വിമാനത്തിന്റെ ഡിസൈൻ. പുതിയ വിമാനത്തിന്റെ വരവ് എയർ കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു.
Air India Express marks a major milestone by expanding its fleet to 100 aircraft, introducing a new Boeing 737-8, and strengthening its network across India, the Middle East, and Southeast Asia