സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് എന്നിവയെക്കുറിച്ച് നമ്മൾ സുപരിചിതരാണ്. ഈ വിപണിയുടെ കുതിപ്പിൽ നിരവധി ലാഭം കൊയ്തവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് തുടങ്ങിയ രംഗങ്ങളിലെ വലിയ കമ്പനികളുടെ പേരിൽ ക്ലോൺ ആപ്പുകൾ ഉണ്ടാക്കി അവയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ.

ആദിത്യ ബിർള, സെറോദ, അപ്സ്റ്റോക്സ് തുടങ്ങിയ വമ്പൻ കമ്പനികളുടെ പേരിൽ വരെ ഇത്തരത്തിൽ ക്ലോൺ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. അടുത്തിടെ രണ്ട് സുഹൃത്തുക്കൾ ഇത്തരം തട്ടിപ്പുകളിൽ പെട്ടു. ഐടി പ്രൊഫഷനലായ ആദ്യ സുഹൃത്ത് ഫെയിസ്ബുക്കിൽ ആദിത്യ ബിർളയുടെ പേരിൽ കണ്ട ആപ്പിൽ കയറിയാണ് തട്ടിപ്പിന് ഇരയായത്. 120ഓളം പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം തന്നെ ആഡ് ചെയ്തായിരുന്നു തട്ടിപ്പ്. വലിയ തുകകൾ ആളുകൾ കൈകാര്യം ചെയ്യുന്നതായും വൻ തുക ലാഭം നേടുന്നതായുമാണ് ഗ്രൂപ്പിൽ കാണിച്ചിരുന്നത്. ഇതിന് തെളിവായി സ്ക്രീൻ ഷോട്ടുകളും ഗ്രൂപ്പിൽ കാണിച്ചിരുന്നു. തുടർന്ന് ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാനായി അഡ്മിൻ സുഹൃത്തിന് ലിങ്ക് അയക്കുന്നു. ഇത് ആദിത്യ ബിർളയുടെ ഇൻസ്റ്റിറ്റ്യൂഷനൽ ട്രേഡിങ് അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ലിങ്ക് ആയിരുന്നു.

ബാങ്കുകൾ, ഹെഡ്ജ് ഫണ്ടുകൾ പോലുള്ള റജിസ്റ്റേർഡ് ഓർഗനൈസേഷനുകൾ ഓപ്പൺ ചെയ്യുന്ന അക്കൗണ്ടുകളാണ് ഇൻസ്റ്റിറ്റ്യൂഷനൽ ട്രേഡിങ് അക്കൗണ്ട് എന്ന് അറിയപ്പെടുന്നത്. അതേസമയം സാധാരണ വ്യക്തികളുടെ പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ ഉപയോഗിച്ച് ആരംഭിക്കാവുന്ന ഒന്നാണ് ഇൻഡിവിജ്വൽ ട്രേഡിങ് അക്കൗണ്ടുകൾ. സാധാരണ ഗതിയിൽ ട്രേഡിങ്, ഇൻവെസ്റ്റ്മെന്റ് തുടങ്ങിയവയ്ക്ക് ഒരു വ്യക്തിഗത നിക്ഷേപകൻ എടുക്കുന്നത് ഇൻഡിവിജ്വൽ ട്രേഡിങ് അക്കൗണ്ടുകളാണ്. ആദിത്യ ബിർളയുടെ ട്രേഡിങ് അക്കൗണ്ട് പോലെത്തന്നെ തോന്നിപ്പിക്കുന്ന ആപ്പ് ആയിരുന്നു ലിങ്ക് വഴി സുഹൃത്തിനു ലഭിച്ചത്. ക്ലോൺ ആപ്പ് ആയതുകൊണ്ടുതന്നെ അതിലെ തട്ടിപ്പ് മനസ്സിലാക്കാൻ സാധിച്ചില്ല.
ഈ സുഹൃത്ത് ആദ്യം പതിനായിരം രൂപ നിക്ഷേപിച്ചു ചെറിയ ലാഭം കിട്ടി. പിന്നീട് നിക്ഷേപം വർധിപ്പിച്ചു. വിത്ത് ഡ്രോവലും കൃത്യമായി നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം വലിയ തുക റോൾ ചെയ്ത് ഇൻവെസ്റ്റ് ചെയ്തു. അതിനും വലിയ ലാഭം കിട്ടിയപ്പോൾ സുഹൃത്തിന് ആപ്പിൽ വിശ്വാസമായി. ഈ സമയത്താണ് പുതുതായി വരുന്ന ഐപിഓയിൽ നിക്ഷേപിച്ചാൽ 300 ശതമാനം റിട്ടേൺ കിട്ടും എന്ന അഡ്മിന്റെ സന്ദേശം എത്തിയത്. അതുംകൂടി പരീക്ഷിക്കാനായി സുഹൃത്ത് ശ്രമം നടത്തി. രണ്ടു ദിവസം കൊണ്ടുതന്നെ അലോട്ട്മെന്റ് ലഭിച്ചു. രണ്ടര ലക്ഷം രൂപയായിരുന്നു ഇത്തരത്തിൽ നിക്ഷേപിച്ചത്. അത് പത്ത് ലക്ഷം രൂപയാകും എന്നായിരുന്നു വാഗ്ദാനം.
എന്നാൽ ഇൻസ്റ്റിറ്റ്യൂഷനൽ ട്രേഡിങ് അക്കൗണ്ട് ആയതിനാൽ മിനിമം പത്ത് ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഏഴര ലക്ഷം കൂടി വേണമെന്നും ആവശ്യപ്പെട്ട് തുടർന്ന് അഡ്മിൻ ബന്ധപ്പെട്ടു. പ്രൊസസ് പൂർത്തിയാക്കാൻ ഇത് അത്യാവശ്യമാണെന്നും വിശ്വസിപ്പിച്ചു. ഏഴര ലക്ഷം കൊടുത്താൽ മൊത്തം പത്ത് ലക്ഷം ചിലവിട്ട് 30 ലക്ഷം രൂപ തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. ഈ സുഹൃത്ത് ഏഴര ലക്ഷം അടക്കം മൊത്തം പത്ത് ലക്ഷം രൂപ ഇത്തരത്തിൽ കൊടുക്കുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പണം വിത്ത് ഡ്രോ ചെയ്യാൻ നോക്കുമ്പോൾ 20 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട് അഡ്മിൻ മെസേജ് അയക്കുന്നു. അതും കൊടുത്തു കഴിഞ്ഞപ്പോൾ ടാക്സ്, ജിഎസ്ടി തുടങ്ങിയവയ്ക്കായി നിശ്ചിത തുക കൂടി അടച്ചാലേ പണം റിലീസ് ചെയ്യാനാകൂ എന്നായി അഡ്മിൻ. ഇതുംകൂടി അടച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ പണം അക്കൗണ്ടിലേക്ക് എത്തും എന്നറിയിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും പണമൊന്നും ലഭിക്കാതായതോടെ വാട്സ്ആപ്പ് വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിയുന്നുത്. അപ്പോഴേക്കും സുഹൃത്തിനെ വാട്സ്ആപ്പിൽ അഡ്മിൻ ബ്ലോക്ക് ചെയ്തിരുന്നു.

ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് വ്യാപകമായി കേളത്തിൽ നടക്കുന്നുണ്ട്. ചെറിയ തുക ഉപയോഗിച്ച് മാത്രം ആദ്യ ഘട്ടങ്ങളിൽ ട്രേഡിങ് പോലുള്ളവ ചെയ്യുന്നതാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ഒരു വഴി. എന്നിട്ട് കൂടുതൽ പഠിച്ചതിനു ശേഷം മാത്രം കൂടുതൽ തുക ഇടുക. എങ്കിൽ മാത്രമേ ഇത്തരം ചതിക്കുഴികളിൽ നിന്നും രക്ഷ നേടാനാകൂ. പത്ത് മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ നഷ്ടപ്പെടുത്തിയും വൻ തുക കടബാധ്യതരായും എത്രയോ പേർ ഇതുപോലെ ഉണ്ട്. ഇത്തരം തട്ടിപ്പുകളെ ചെറുക്കാൻ മികച്ച ഇൻവെസ്റ്റ്മെന്റ് കണസൽട്ടൻസിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോരുത്തർക്കും ആപ്റ്റ് ആയ രീതിയിലുള്ള നിക്ഷേപ അവസരം ഇത്തരം കൺസൾട്ടൻ്റുകൾക്ക് ഒരുക്കാനാകും. ഒറ്റയ്ക്കു ചെയ്യുന്നവരാണെങ്കിൽ സെബിയുടെ വെബ്സൈറ്റിൽ കയറി ആപ്പ് ലീഗൽ ആണോ എന്ന് ഉറപ്പാക്കുന്നതു പോലുള്ള പ്രാരംഭ നടപടികൾ നിക്ഷേപകർ സ്വീകരിച്ചേ മതിയാകൂ. ഗൂഗിൾ പ്ലേ പോലുള്ള ഔദ്യോഗിക സ്റ്റോറുകളിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്താലും പണി ഉറപ്പാണ്.
ട്രേഡിംഗ് കോഴ്സ്, ട്രേഡിംഗ് ആൽഗോരിതങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് 8075313974 , 9633526003 എന്ന നമ്പറിൽ ബന്ധപ്പെടുക.
Beware of stock market clone app scams targeting investors in Kerala. Fraudsters create fake apps in the name of major companies like Aditya Birla, Zerodha, and Upstox to deceive unsuspecting investors.