അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതയുടേയും വിൽമോറിൻറെയും മടങ്ങിവരവിൽ നിർണായകമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10നെ വഹിച്ചാണ് ഫാൽക്കൺ 9ന്റെ വിക്ഷേപണം.

ക്രൂ10 ദൗത്യം വിജയകരമായാൽ മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ക്രൂ 9 സംഘാംഗങ്ങളായ സുനിതയേയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനാകും. ക്രൂ10 ബഹിരാകാശത്തെത്തി രണ്ട് ദിവസത്തിനുള്ളിൽ ഇരുവരുടേയും മടക്കയാത്ര സാധ്യമാകുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു.

2024 ജൂണിലാണ് എട്ട് ദിവസത്തിനായി സുനിതയും വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് നീളുകയായിരുന്നു. നിലവിൽ ഒൻപത് മാസത്തോളമായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
NASA’s Crew-10 mission, launched aboard Falcon 9, aims to bring stranded astronauts Sunita Williams and Butch Wilmore back to Earth after months on the ISS.