അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ സ്പേസ് എക്സിന് മനുഷ്യരെ ചൊവ്വയിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മസ്ക് തന്റെ എക്സ് അക്കൗണ്ടിൽ അഭിമുഖത്തിന്റെ ക്ലിപ്പ് പങ്കിട്ടുമുണ്ട്. അടുത്ത 2-3 ദശകങ്ങളിൽ ചരിത്രപരമായ ബഹിരാകാശ യാത്രയിൽ ബഹിരാകാശയാത്രികർക്കൊപ്പം സാധാരണക്കാരേയും ചൊവ്വയിലേക്ക് അയയ്ക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്പേസ് എക്സ് സിഇഒ പറഞ്ഞു.

സ്പേസ് എക്സിന് ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകാൻ കഴിയും. ചൊവ്വയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആരെയും ഇത്തരത്തിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. അതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേർത്തു. ഇത്തരമൊരു ധീരമായ ലക്ഷ്യത്തിന്റെ സമയക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ അത് ചെയ്യാൻ സാധിക്കും എന്നാണ് മസ്ക് മറുപടി പറഞ്ഞത്.

നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കഴിഞ്ഞ ദിവസം ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന
വിജയകരമായ സ്പേസ് എക്സ് ദൗത്യത്തിനു ശേഷമാണ് മസ്കിന്റെ പരാമർശങ്ങൾ. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് ഇരുവരേയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത്.
Elon Musk envisions a future where anyone—not just astronauts—can travel to Mars. SpaceX’s latest mission success brings this dream closer to reality.