സാഹസിക ടൂറിസം രംഗത്ത് ലോക ഭൂപടത്തിൽ കയറിപ്പറ്റിയ കേരളം കൂടുതൽ സാധ്യതകൾ തേടുകയാണ് . ഇതിൻ്റെ ഭാഗമായി വാഗമണ്ണിൽ ആഗോള സാഹസിക പ്രേമികൾക്കിടയിൽ പേരെടുത്ത സംസ്ഥാന ടൂറിസം വകുപ്പിന്റെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ചു. അഞ്ച് ദിവസത്തെ പരിപാടി അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ സിഇഒ ബിനു കുര്യാക്കോസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

പീരുമേടിനടുത്തുള്ള വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കോലാഹലമേട്, പാരാഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ്. 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ടേക്ക് ഓഫിനും ലാൻഡിംഗിനും പ്രത്യേകിച്ചും അനുകൂലമാണ്. തണുത്ത കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, വനങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രത്യേകതകൾ.
ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പിനായി ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പതിനൊന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 49 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട് . ഇതിൽ 15 പേർ വിദേശത്തു നിന്നുള്ളവരാണ്.
ഫെഡറേഷന് ഓഫ് എയ്റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍.

പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.
രാജ്യത്തിന്റെ സാഹസിക ടൂറിസം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ടൂറിസം രംഗത്തെ സാധ്യതകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ്. വൈറ്റ് വാട്ടര്‍ കയാക്കിംഗ്, പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ് തുടങ്ങിയ സാഹസിക ഇനങ്ങളില്‍ കേരളത്തിന് ഏറെ സാധ്യതകളാണെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളില്‍ അതിനനുയോജ്യമായ അന്താരാഷ്ട്ര സൗകര്യങ്ങളോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. വാഗമണില്‍ വര്‍ഷം തോറും നടക്കുന്ന പാരാഗ്ലൈഡിംഗ് മത്സരം ഇന്ന് അന്താരാഷ്ട്ര പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹസിക വിനോദ മേഖലയില്‍ ഭൂമിശാസ്ത്രപരമായ ആനുകൂല്യം കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന് പറഞ്ഞു. സാഹസിക ടൂറിസത്തിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുകയാണെന്നും ഇതിന് എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
Kerala’s Vagamon International Paragliding Festival has begun, attracting global adventure enthusiasts. With competitions across six categories, the event showcases the state’s potential in adventure tourism.