പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി വിരലുകൾ കുത്തി നടത്തുന്ന ദൈനംദിന പ്രക്രിയ വേദനാജനകമാണ്. അതിനപ്പുറം ഈ ടെസ്റ്റ് അസൗകര്യകരവും അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അപകടകരവുമാണ്. എന്നാൽ ഒരു തുള്ളി രക്തം പോലും ഇല്ലാതെ ഗ്ലൂക്കോസ് മോണിറ്ററിങ് നടത്താൻ കഴിയുന്ന പുതിയ സാധ്യതയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ഗവേഷകർ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വികസിപ്പിച്ച വേദന രഹിതവും സൂചി രഹിതവുമായ പ്രമേഹ പരിശോധനാ സംവിധാനം രക്ത സാമ്പിളിംഗിനേക്കാൾ പ്രകാശത്തെയും ശബ്ദത്തെയും ആശ്രയിക്കുന്നു. ഫോട്ടോഅക്കോസ്റ്റിക് സെൻസിംഗ് ഉപയോഗിച്ചുള്ള പുതിയ രീതി ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ ലേസർ രശ്മികൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത അളക്കുന്നു.
ബയോളജിക്കൽ ടിഷ്യൂസിൽ ലേസർ പ്രകാശിക്കുമ്പോൾ പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു. ഇത് ടിഷ്യൂ ചെറുതായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഈ വികാസം ശബ്ദ തരംഗങ്ങളും ചെറിയ വൈബ്രേഷനുകളും സൃഷ്ടിക്കുന്നു. ഗ്ലൂക്കോസ് ഈ ശബ്ദ തരംഗങ്ങളുടെ തീവ്രത മാറ്റുമെന്നും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി അളക്കാൻ കഴിയുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ് (IAP) വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ജയ പ്രകാശ് വിശദീകരിച്ചു.
IISc Bengaluru researchers have developed a revolutionary non-invasive glucose monitoring technique using photoacoustic sensing, eliminating the need for painful finger pricks.