എച്ച് 1ബി വിസയിൽ യുഎസിലെത്തി കരിയർ ആരംഭിച്ച് ശതകോടീശ്വരൻമാരായ കുടിയേറ്റക്കാരെക്കുറിച്ചുള്ള ഫോർബ്സ് മാസികയുടെ സമീപകാല റിപ്പോർട്ടിൽ ചുരുക്കം ചില ഇന്ത്യക്കാരേ ഉള്ളൂ. ഉന്നത വിദ്യാഭ്യാസത്തിനായി യുഎസ്സിലേക്ക് താമസം മാറിയ ഇന്നോവ സൊല്യൂഷൻസിന്റെ (Innova Solutions) സ്ഥാപകനും സിഇഒയുമായ രാജ് സർദാന അക്കൂട്ടത്തിൽ പെടുന്നു. രണ്ട് ബില്യൺ ഡോളറാണ് ഇന്നോവ സൊല്യൂഷൻസിന്റെ നിലവിലെ മൂല്യം.

1960ൽ ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച രാജിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ കഷ്ടപ്പാടുകൾക്കും ഇടയിലും രാജിനും സഹോദരനും മികച്ച വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചു. ആ വിദ്യാഭ്യാസവും കഷ്ടപ്പെടാനുള്ള മനസ്സുമാണ് തനിക്ക് മാതാപിതാക്കളുടെ പക്കൽ നിന്നും പകർന്നുകിട്ടിയതെന്ന് അഭിമാനപൂർവം പറയുന്നു രാജ്.
1981ൽ ജോർജിയ ടെക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് രാജ് അമേരിക്കയിലേക്കെത്തിയത്. അന്ന് കയ്യിൽ ആകെയുണ്ടായിരുന്നത് 100 ഡോളറായിരുന്നു. ബിരുദാനന്തരം രാജ് H-1 വിസ (ഇന്നത്തെ H-1B വിസയുടെ മുൻഗാമി) നേടി. തുടർന്ന് ഹൗമെറ്റ് എയ്റോസ്പേസിൽ ജോലിക്ക് കയറി. 1987ൽ ടോമാഹോക്ക് മിസൈൽ എഞ്ചിനുകൾ നിർമ്മിക്കുന്ന ടെലിഡൈൻ സിഎഇയിൽ രാജിന് ജോലി ലഭിച്ചു. എന്നാൽ 1990ൽ ശീതയുദ്ധം അവസാനിച്ചതോടെ മിസൈൽ ഉത്പാദനം നിർത്തിവെച്ചു ഇതോടെ രാജിന് ജോലി നഷ്ടപ്പെട്ടു.

മറ്റൊരു ജോലി അന്വേഷിക്കുന്നതിനുപകരം രാജ് ഒരു സംരംഭകനാകാൻ തീരുമാനിച്ചു. 25,000 ഡോളർ നിക്ഷേപിച്ചാണ് രാജ് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചത്. ഒരു ദശാബ്ദത്തിനുശേഷം അത് ഇന്നോവ സൊല്യൂഷൻസ് എന്ന ഐടി സേവന സ്ഥാപനമായി വളർന്നു. ഇന്ന് ഇന്നോവ സൊല്യൂഷൻസിന് ലോകമെമ്പാടുമായി 50,000ത്തിലധികം ജീവനക്കാരുണ്ട്.
From arriving in the US with just $100 to building Innova Solutions into a global IT powerhouse, Raj Sardana’s journey is a testament to resilience and ambition.