സ്വയംനിയന്ത്രിത വാഹന സേവനം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ അബുദാബി. യാസ്, സാദിയാത്ത് ദ്വീപുകളിലെ സ്വയംനിയന്ത്രിതവാഹനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇവ വ്യാപിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അറിയിച്ചു. എമിറേറ്റിലുടനീളമുള്ള പ്രദേശങ്ങളിൽ സേവനങ്ങൾ ക്രമേണ വ്യാപിപ്പിക്കുന്നതിനുള്ള അബുദാബി മൊബിലിറ്റിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണം.
സ്വയംനിയന്ത്രിത വാഹനങ്ങൾ ഇതുവരെ 30,000 യാത്രകൾ പൂർത്തിയാക്കിയതായും 430,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായും
അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പുകളുടെ അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. സുസ്ഥിര ഗതാഗതത്തിൽ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കാനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് സ്പേസ് 42, ഉബർ എന്നിവയുമായി സഹകരിച്ചുള്ള സ്വയംനിയന്ത്രിതവാഹന സേവനം.
വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ വികസിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗഫ്‌ലി പറഞ്ഞു.
നിലവിൽ നഗരഗതാഗത ശൃംഖലയിൽ സുരക്ഷിതമായാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ഇതുവരെ സുരക്ഷാപ്രശ്നങ്ങൾ ഒന്നുംതന്നെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Abu Dhabi’s autonomous vehicles have completed 30,000 trips covering 430,000 km. The service expands to Zayed International Airport, advancing smart mobility.