ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

2025ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമാണ് അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായത്. ഇതോടെ ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്ത് വർധിപ്പിച്ച വ്യക്തിയായി അദാനി മാറി. 13% സമ്പത്ത് വർധിപ്പിച്ച് അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 8.4 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. പട്ടിക അനുസരിച്ച് 8.6 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ.

ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ആദ്യമായി എച്ച്സിഎല്ലിലെ രോഷ്ണി നാടാർ എത്തി എന്നതും പുതിയ ഹുറൂൺ പട്ടികയുടെ സവിശേഷതയാണ്. രോഷ്ണിയുടെ പിതാവ് ശിവ് നാടാരുടെ കമ്പനിയിലെ 45% ഓഹരി നേരത്തെ രോഷ്ണിയുടെ പേരിലാക്കിയിരുന്നു. ഇതോടെയാണ് രോഷ്ണിയുടെ സമ്പത്ത് വർധിച്ചത്. നിലവിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുള്ള രോഷ്ണി ഇന്ത്യൻ സമ്പന്നരിൽ മൂന്നാമതാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ അഞ്ചാമത്തെ വനിത കൂടിയാണ് രോഷ്ണി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത ലോകത്തിലെ സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്നത്. ദിലീപ് സാങ് വി, അസിം പ്രേംജി എന്നിവരാണ് ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവർ.

അതേ സമയം $420 ബില്യൺ ആസ്തിയുമായി (ഏകദേശം 36 ലക്ഷം കോടി രൂപ) ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ലോക സമ്പന്നരിൽ ഒന്നാമനായി തുടരുകയാണ്. ടെസ്ലയുടെ വളർച്ചയ്ക്കൊപ്പം ബഹിരാകാശ രംഗത്തെ വളർച്ചയും മസ്കിന്റെ സമ്പത്ത് വർധിപ്പിക്കുന്നതിൽ നിർണായകമായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരാണ് ലോക സമ്പന്നരിൽ ആദ്യ അഞ്ച് സ്ഥാനക്കാർ.
Gautam Adani net worth, Hurun Global Rich List 2025, richest Indians, Mukesh Ambani wealth, Roshni Nadar billionaire, Adani Group assets, India’s richest people