സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്ശന് 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഫണ്ട് അനുവദിച്ചത്. ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31 ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് ഈ പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് .
ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴയിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതി ആലപ്പുഴയെ പുതിയ ടൂറിസം ആകര്‍ഷണകേന്ദ്രമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. വന്‍തോതില്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ടൂറിസം കേന്ദ്രമാണ് ആലപ്പുഴ. കായല്‍ ടൂറിസത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആലപ്പുഴയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ പദ്ധതിക്കാകുമെന്നും മന്ത്രി പറഞ്ഞു
The central government has approved two big tourism projects in Kerala under the Swadesh Darshan 2.0 scheme, with ₹169.05 crore in funding. Alappuzha – A Global Water Wonderland (₹93.17 crore) will connect water bodies, improve beaches, canals, and build a cruise terminal. Malampuzha Park Beautification (₹75.87 crore) will upgrade parks, add fountains, cultural centers, and better waste management. Both projects aim to be completed by March 31, 2026. Tourism Minister P.A. Mohammed Riyas said these will boost Kerala’s tourism, making Alappuzha a major water tourism destination.