ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മലയാളി എന്ന സ്ഥാനം ഒരിക്കൽ കൂടി നിലനിർത്തിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഫോർബ്സ് സമ്പന്ന പട്ടിക അനുസരിച്ച് മലയാളികളിൽ അദ്ദേഹം വീണ്ടും ഒന്നാമനായി. 5.5 ബില്യൺ ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ. യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32ാം സ്ഥാനത്തുള്ള യൂസഫലി ഫോർബ്സ് ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ്.
അതേസമയം മലയാളികളിലെ അതിസമ്പന്നൻ എന്ന നേട്ടം നിലനിർത്താൻ സാധിച്ചെങ്കിലും ഫോർബ്സ് പട്ടിക അനുസരിച്ച് കഴിഞ്ഞ തവണത്തേക്കാൾ യൂസഫലിയുടെ സമ്പത്തിൽ ഇടിവ് നേരിട്ടതായി കാണാം. 2024ലെ ഫോർബ്സ് സമ്പന്ന പട്ടികയിൽ 7.4 ബില്യൺ ഡോളറുമായി ലോകസമ്പന്നരിൽ 344ആം സ്ഥാനത്തായിരുന്നു യൂസഫലി. ഇതാണ് ഇപ്പോൾ 5.5 ബില്യൺ ഡോളറായി കുറഞ്ഞ് 639ആം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാൽ സമ്പന്നരായ ഇന്ത്യക്കാരിൽ യൂസഫലി സ്ഥാനം മെച്ചപ്പെടുത്തിയതായും കാണാം. കഴിഞ്ഞ തവണ 39ആം സ്ഥാനത്തായിരുന്ന അദ്ദേഹം ഇത്തവണ 32ആം സ്ഥാനത്തെത്തി.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം 2019ൽ 4.7 ബില്യൺ ഡോളർ ആയിരുന്നു യൂസഫലിയുടെ ആസ്തി. കോവിഡിനേയും ലോക്ഡൗണിനേയും തുടർന്ന് 2020ൽ ഇത് 3.5 ബില്യൺ ഡോളറായി കുറഞ്ഞു. 2021ൽ 4.8 ബില്യൻ ഡോളറായും 2022ൽ 5.4 ബില്യൻ ഡോളറായും ആസ്തി വർധിച്ചപ്പോൾ 5.3 ബില്യൺ ഡോളറായിരുന്നു 2023ൽ അദ്ദേഹത്തിന്റെ ആസ്തി. 2024ൽ 7.4 ബില്യൻ ഡോളറായി വർധിച്ച ആസ്തി ഇപ്പോൾ 5.5 ബില്യൺ ഡോളറായി കുറഞ്ഞതായി ഫോർബ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
M.A. Yusuff Ali, Chairman of LuLu Group, becomes the wealthiest Malayali globally with $5.5 billion net worth, ranked 639th in Forbes 2025 list of billionaires.