കേരളം അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളുടെ സമഗ്ര ശിക്ഷാ പദ്ധതിയുമായി (SSA) ബന്ധപ്പെട്ട ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രം. കേരളത്തിനുപുറമേ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എസ്എസ്എ പദ്ധതി പ്രകാരം കേന്ദ്ര വിഹിതത്തിൽ നിന്ന് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞു. 2025 മാർച്ച് 27 വരെയുള്ള കണക്കാണിത്. രാജ്യസഭയിൽ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ജയന്ത് ചൗധരി രാജ്യസഭയിൽ പങ്കിട്ട ഡാറ്റ പ്രകാരം ഈ സാമ്പത്തിക വർഷത്തേക്ക് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് യഥാക്രമം ₹ 328.90 കോടി, ₹ 2,151.60 കോടി, ₹ 1,745.80 കോടി എന്നിങ്ങനെ കേന്ദ്ര വിഹിതം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര വിഹിതത്തിൽ നിന്ന് ഈ സംസ്ഥാനങ്ങൾക്ക് മാർച്ച് 27 വരെ ഒരു ഫണ്ടും അനുവദിച്ചിട്ടില്ല. എസ്എസ്എ പദ്ധതി പ്രകാരം 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ആകെ അനുവദിച്ച ₹ 45,830.21 കോടിയിൽ, മാർച്ച് 27ന് ഈ മൂന്ന് സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കുമായി ₹ 27,833.50 കോടി അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത്. ₹ 4,487.46 കോടിയാണ് യുപിക്ക് പദ്ധതി പ്രകാരം ലഭിച്ചത്.

പാഠപുസ്തകങ്ങൾ, അടിസ്ഥാന സൗകര്യ നവീകരണം, അധ്യാപക ശമ്പളം തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് എസ്എസ്എ. നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് അനുവദിക്കുന്നതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. ചിലവുകളുടെ വേഗത, ആനുപാതികമായ സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളുടെ സമർപ്പണം, കുടിശ്ശികയുള്ള അഡ്വാൻസുകളെക്കുറിച്ചുള്ള പ്രസ്താവനകൾ, കാലികമായ ചിലവ് പ്രസ്താവനകൾ, മുൻ വർഷങ്ങളിലെ ഓഡിറ്റ് ചെയ്ത വിനിയോഗ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് പ്രധാന മാനദണ്ഡം. പിഎം-എസ്എച്ച്ആർഐ ധാരണാ പത്രത്തിൽ ഒപ്പിടാത്തതിനെ തുടർന്നാണ് കേരളത്തിന് ഫണ്ട് നിഷേധിച്ചത് എന്നാണ് റിപ്പോർട്ട്.
ഫണ്ട് തടഞ്ഞുവയ്ക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ അധ്യാപകരുടെ ശമ്പളം, ആർടിഇ റീഇംബേഴ്സ്മെന്റ്, വിദൂര പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഗതാഗതം എന്നിവയെ സാരമായി ബാധിക്കുന്നതായി നേരത്തെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിഎം-എസ്എച്ച്ആർഐ പോലുള്ള പ്രത്യേക പദ്ധതികൾക്കായുള്ള ധാരണാപത്രങ്ങളിൽ കരാറില്ലാത്തതിനാൽ എസ്എസ്എ പ്രകാരം അനുവദിച്ച ഫണ്ട് തടഞ്ഞുവെയ്ക്കുന്നത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു കമ്മിറ്റി നിരീക്ഷിച്ചത്. ശമ്പളം, അധ്യാപക പരിശീലന പരിപാടികൾ, സ്കൂൾ അടിസ്ഥാന സൗകര്യ പരിപാലനം എന്നിവ തടസ്സപ്പെടുന്നത് തടയാൻ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ശേഷിക്കുന്ന എസ്എസ്എ ഫണ്ടുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ വിട്ടുകൊടുക്കണമെന്നും പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തു.
The central government has not given SSA education funds to Kerala, Tamil Nadu, and West Bengal for 2024–25. Though money was approved, no funds were released until March 27, 2025. The SSA scheme supports school needs like books, teacher salaries, and buildings. The delay is linked to missing documents and Kerala not signing a key agreement (PM-SHRI). A parliamentary report said this affects teachers’ pay and student transport and asked the government to release the funds soon.
