രാജ്യത്തെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കവേയാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഭക്ഷണ ഡെലിവറി ആപ്പുകൾ പോലെ കുറഞ്ഞ വേതനമുള്ള ചെറുകിട ജോലികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഡീപ്-ടെക് പോലുള്ള രംഗങ്ങളിൽ പിന്നോക്കം പോകുന്നതായും പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ ഈ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടെക് സംരംഭകർ.

സെപ്റ്റോ സഹസ്ഥാപകനും സിഇഓയുമായ ആദിത് പാലിച്ചയാണ് സംഭവത്തിൽ പ്രതികരിച്ച പ്രധാന സംരംഭകൻ. 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, 1000 കോടിയിലധികം രൂപ നികുതി നൽകൽ, 1 ബില്യൺ ഡോളറിലധികം എഫ്ഡിഐ എന്നിവ ഉദ്ധരിച്ച് അദ്ദേഹം സെപ്റ്റോയുടെ സ്വാധീനം വ്യക്തമാക്കി ക്വിക് കൊമേഴ്സ് മേഖലയെ പ്രതിരോധിച്ചു.

ഇൻഫോസിസ് മുൻ സിഎഫ്ഒ ടിവി മോഹൻദാസ് പൈയും സംഭവത്തിൽ പ്രതികരിച്ചു. ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ വളർത്താൻ ഗോയൽ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ചിപ്പ് ഡിസൈൻ, റോബോട്ടിക്സ്, ഇവി ചാർജിംഗ് മുതലായവയിൽ നിരവധി സ്റ്റാർട്ടപ്പുകൾ ഉണ്ട്, പക്ഷേ മൂലധനം ഇല്ല. നിരവധി ശ്രമങ്ങൾക്കിടയിലും ദീർഘകാലത്തേക്ക് നിക്ഷേപകർ ഇപ്പോഴും നിക്ഷേപം നടത്തുന്നില്ല. എഐഎഫ് ഫ്ലോ കുറഞ്ഞതായും ആർബിഐ വിദേശ നിക്ഷേപകരെ ഉപദ്രവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് നേതാക്കൾ യാഥാർത്ഥ്യ പരിശോധന നടത്തണമെന്ന് ഭാരത്പേ സ്ഥാപകൻ അഷ്നീർ ഗ്രോവർ പറഞ്ഞു. ഫുഡ് ഡെലിവെറിയിൽ നിന്നാണ് ചൈനയും ഡീപ് ടെക് രംഗത്തേക്ക് എത്തിയത്. ഇന്നത്തെ തൊഴിൽ സ്രഷ്ടാക്കളെ ശകാരിക്കുന്നതിനു പകരം രാഷ്ട്രീയക്കാർ സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Zepto CEO Aadit Palicha rebuts Piyush Goyal’s remarks on quick commerce, highlighting job creation, tax contributions, and foreign investment. Startup leaders rally in support.