പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന പിഎം ഇ-ബസ് സേവ (PM e-Bus Sewa-Payment Security Mechanism scheme) പദ്ധതിയിൽ നിന്ന് 15,000 ഇലക്ട്രിക് ബസ്സുകൾ അഭ്യർത്ഥിച്ച് മൂന്ന് സംസ്ഥാനങ്ങൾ. ഗുജറാത്ത്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ നിന്ന് 15,000 ഇ-ബസ്സുകൾ സബ്സിഡി നിരക്കിൽ നൽകാൻ അപേക്ഷിച്ചിരിക്കുന്നത്.
നാഷണൽ ഇലക്ട്രിക് ബസ് പ്രോഗ്രാം (NEBP) പ്രകാരം 2030ഓടെ ഒമ്പത് പ്രധാന നഗരങ്ങളിലും ഏഴ് സംസ്ഥാനങ്ങളിലുമായി 50,000 ഇ-ബസ്സുകൾ വിന്യസിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. 2022ൽ ആരംഭിച്ച എൻഇബിപി പദ്ധതി പ്രകാരം ഇലക്ട്രിക് ബസ്സുകൾക്കായുള്ള ആദ്യ ഏകീകൃത ടെൻഡറിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒപ്പം കേരളത്തേയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ പദ്ധതിയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ഇപ്പോൾ ഗുജറാത്ത്, തെലങ്കാന, കർണാടക, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിമാൻഡ് വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

ഇ-ബസ് യൂണിറ്റിന് കേന്ദ്രം സബ്സിഡി കുറയ്ക്കാനും സാധ്യതയുണ്ട്. മൊത്തം ചിലവ് വർദ്ധിപ്പിക്കാതെ തന്നെ ലഭ്യമായ ₹4,391 കോടി ബജറ്റിൽ നിന്ന് കൂടുതൽ നഗരങ്ങൾക്ക് പ്രയോജനം ലഭിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ, സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഓരോ ഇ-ബസിനും ₹20–35 ലക്ഷം വരെയാണ് സബ്സിഡി.
Gujarat, Telangana, and Karnataka have sought 15,000 electric buses under the PM e-Bus Sewa scheme, as part of India’s NEBP target to deploy 50,000 e-buses by 2030.