പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനുള്ള വായ്പാ കുടിശ്ശികയുടെ ഇരട്ടിയിലധികം വരുന്ന തന്റെ സ്വത്തുക്കൾ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമായിട്ടുണ്ടെന്ന അവകാശവാദവുമായി വിവാദ വ്യവസായി വിജയ് മല്ല്യ. 6,200 കോടി രൂപ കടബാധ്യത ഉള്ളിടത്ത് 14,000 കോടി രൂപയിൽ അധികം ഇതിനകം ബാങ്കുകൾ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് വിജയ് മല്ല്യ പറഞ്ഞു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസമാണ് വിജയ് മല്ല്യ വായ്പാ കുടിശ്ശിക സംബന്ധിച്ച് പോസ്റ്റ് ഇട്ടിട്ടുള്ളത്.

ധനമന്ത്രാലയത്തിന്റെ 2024-25 വാർഷിക റിപ്പോർട്ടിൽ മനഃപൂർവ്വം വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരിച്ചടവിന്റെ വിശദാംശങ്ങൾ പരാമർശിച്ചിരുന്നു. ഇതനുസരിച്ച് വിജയ് മല്ല്യയുടെ കേസിൽ 14,131.6 കോടി രൂപയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ പൊതുമേഖലാ ബാങ്കുകൾക്ക് വിജയകരമായി തിരിച്ചുനൽകിയെന്ന് പരാമർശിക്കുന്നുണ്ട്. ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ അനുവദിച്ച 6,203 കോടി രൂപയുടെ ഇരട്ടിയിലധികം തുക ബാങ്കുകൾ ഇതിനകം തിരിച്ചുപിടിച്ചതായി വിജയ് മല്ല്യ പറയുന്നത്. ഐഡിബിഐ ബാങ്ക്-കിംഗ്ഫിഷർ എയർലൈൻസ് വായ്പ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വിജയ് മല്ല്യ 2016 മുതൽ ബ്രിട്ടനിലാണ് താമസിക്കുന്നത്.
Vijay Mallya cites Finance Ministry data showing banks recovered ₹14,131.6 crore—over twice the ₹6,203 crore DRT debt. He plans to use this in his UK bankruptcy annulment case. Here’s what it means for extradition and legal proceedings.