പുതിയ ആധാർ ആപ്പ് പരീക്ഷിച്ച് യുനീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഫേസ് ഐഡി, ക്യുആർ സ്കാനിംഗ് എന്നിവയിലൂടെ ആധാർ ഡിജിറ്റൽ പരിശോധന നടത്താനാകുന്ന തരത്തിലുള്ളതാണ് പുതിയ ആപ്പ്. ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആപ്പ് എളുപ്പവും സുരക്ഷിതവുമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചത്. പുതിയ ആപ്പ് ആധാർ പരിശോധന യുപിഐ പേയ്മെൻറ് പോലെ എളുപ്പമാക്കും. ക്യുആർ കോഡിലൂടെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാം. ഇത് പൂർണ്ണമായും സുരക്ഷിതവും ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന തരത്തിലാണ്-മന്ത്രി പറഞ്ഞു.

യുപിഐ പേയ്മെൻറുകൾ പോലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആധാർ പരിശോധന നടത്താവുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. ഉപയോക്താക്കൾക്ക് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആധാർ വിവരങ്ങൾ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും ഇതിലൂടെ സാധിക്കും. തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, വിമാനത്താവളങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ ആധാർ കാർഡോ അതിൻറെ ഫോട്ടോകോപ്പിയോ നൽകുന്നത് ഈ ആപ്പുണ്ടെങ്കിൽ ഒഴിവാക്കാം. ഇതിനു പകരം ക്യുആർ കോഡ് സ്കാൻ ചെയ്യാനും സ്വന്തം ഫോൺ ഉപയോഗിച്ച് മുഖം സ്കാൻ ചെയ്ത് ഐഡൻറിറ്റി തെളിയിക്കാനും ആപ്പ് ഉപയോഗപ്രദമാകും.
നിരവധി സ്വകാര്യതാ സുരക്ഷാ മുൻകരുതലുകളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. നിലവിൽ പുതിയ ആധാർ ആപ്പ് ബീറ്റാ പരീക്ഷണത്തിലാണ്. പരീക്ഷണത്തിന് ശേഷം രാജ്യവ്യാപകമായി ആപ്പ് പുറത്തിറക്കും.