മഹാരാഷ്ട്രയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ എത്തിക്കുന്നതിനുള്ള അഗ്രി കോറിഡോർ പദ്ധതി പുരോഗമിക്കുന്നു. മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ മഹാരാഷ്ട്ര മാർക്കറ്റിംഗ് ആൻഡ് പ്രോട്ടോക്കോൾ മന്ത്രി ജയ്കുമാർ റാവൽ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഫോറം നടന്നത്.

യുഎഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കയറ്റുമതി ക്ലിയറൻസുകൾ, ജോയിന്റ് പാക്കേജിംഗ്, സർട്ടിഫിക്കേഷൻ യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന മഹാരാഷ്ട്ര-ദുബായ് അഗ്രി-കോറിഡോർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശമാണ് ബിസിനസ് ഫോറത്തിൽ മന്ത്രി ജയ്കുമാർ റാവൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുന്തിരി കയറ്റുമതിയുടെ 81 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മാതളനാരങ്ങ (70 ശതമാനം), അൽഫോൻസോ മാമ്പഴം എന്നിവയും ദുബായിൽ വളരെ പ്രചാരമുള്ളവയാണ്. ദുബായിലെ സൂപ്പർമാർക്കറ്റ് ഷെൽഫുകളിലും, റെസ്റ്റോറന്റുകളിലും, ഹോട്ടൽ മെനുകളിലും മഹാരാഷ്ട്രയുടെ കാർഷിക ഉൽപ്പന്നങ്ങൾ വ്യാപകമാക്കുകയാണ് ലക്ഷ്യം-മന്ത്രി പറഞ്ഞു.
Maharashtra plans fast-track agri exports to Dubai through a proposed agri-corridor, aiming for quicker delivery and wider presence of Indian produce like grapes and mangoes in UAE markets.