വിഴിഞ്ഞം തീരദേശ ഹൈവേയുടെ ആദ്യഘട്ട നടപടികൾ ആരംഭിച്ചു. വിഴിഞ്ഞം മുതൽ സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട് വരെയുള്ള ഭൂമി ഏറ്റെടുക്കലാണ് ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വസ്തു ഉടമകൾക്ക് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നോട്ടീസുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. ഹൈവേ നിർമാണ പ്രക്രിയയെക്കുറിച്ചുള്ള അറിയിപ്പ് രൂപത്തിലാണ് നോട്ടീസ്. ഭൂമിയുടെ വില പരാമർശിക്കുന്ന രണ്ടാം ഘട്ട നോട്ടീസുകൾ അടുത്ത ഘട്ടത്തിൽ നൽകും. രണ്ട് വർഷം മുമ്പ് പാതയുടെ ലാൻഡ്മാർക്ക് പൂർത്തിയായിരുന്നു. തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർഗോഡ് വരെ 655.6 കിലോമീറ്റർ നീളമുള്ള തീരദേശ ഹൈവേയാണ് നിർമ്മിക്കുന്നത്. ഭൂമിയുടെ ലഭ്യത അനുസരിച്ച് നാല് ഘട്ടങ്ങളിലായാകും നിർമാണം.

ഹൈവേയുടെ ആദ്യ റീച്ച് അടിമലത്തുറയിൽ നിന്ന് ആരംഭിച്ച് മുക്കോല, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടർന്ന് കോവളം ജംഗ്ഷനിൽ നിന്ന് കുമരിച്ചന്ത വരെ ബൈപ്പാസിലൂടെയാവും പാത. ഇവിടെനിന്നും കാപ്പിൽ വരെ നീളുന്ന 18.9 കിലോമീറ്ററാണ് ആദ്യ ഘട്ടം. ഈ പാതയുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. 14 മീറ്ററാണ് പാതയുടെ ആകെ വീതി. ഇരുവശത്തും 2.5 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഫുട്പാത്തും ഉൾപ്പെടും.

ഭാവിയിലെ ഗതാഗതം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് പാത ആസൂത്രണം ചെയ്യുന്നത്. ഹൈവേയ്ക്കൊപ്പം, ചൊവ്വര, വിഴിഞ്ഞം തുടങ്ങിയ സമീപ ജംഗ്ഷനുകളും മെച്ചപ്പെടുത്തും. വിഴിഞ്ഞം തുറമുഖത്തിന് സമീപം റൗണ്ട് എബൗട്ട്, വാഹനങ്ങളുടെയും ചരക്കുകളുടെയും സുഗമമായ ചലനം സാധ്യമാക്കുന്നതിനായി ഫ്ലൈഓവർ എന്നിവയും നിർമ്മിക്കും. ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ എലിവേറ്റഡ് റോഡുകൾ നിർമ്മിക്കും.
Land acquisition begins for the first phase of the Vizhinjam Coastal Highway. The 18.9 km stretch from Adimilathura to Kappil marks the start of the 655.6 km coastal road project in Kerala.