മലബാർ ഗോൾഡ് & ഡയമണ്ട്സ് സ്ഥാപകനായ എം.പി. അഹമ്മദിന്റേത് സമാനതകളില്ലാത്ത ബിസിനസ് വളർച്ചയാണ്. 1957 നവംബർ 1ന് ജനിച്ച അഹമ്മദ് 17 വയസ്സിൽ കാർഷികോൽപ്പന്ന സ്ഥാപനത്തിലൂടെ സംരംഭകയാത്ര ആരംഭിച്ചു. പിന്നീട് അദ്ദേഹം 1981ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിലേക്ക് കടന്നു. ഏലം, കുരുമുളക് തുടങ്ങിയവയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രധാന വ്യാപാരം. ചെറുകിട സുഗന്ധവ്യഞ്ജന വ്യാപാരിയായി തുടങ്ങി കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും സുവർണ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് എം.പി. അഹമ്മദിന്റേത്.

സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ അഹമ്മദ് പിന്നീട് ആഭരണ വിപണിയുടെ സാധ്യതകൾ നിരീക്ഷിച്ചു. അത് അദ്ദേഹത്തിന്റെ സംരംഭക യാത്രയിൽ വഴിത്തിരിവായി. ആഭരണ വിപണിയിൽ അദ്ദേഹം സംഘാടനത്തിന്റെയും സുതാര്യതയുടെയും വിടവുകൾ തിരിച്ചറിഞ്ഞു. വിശ്വാസവും ഗുണനിലവാരവുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് നിർമ്മാണം ലക്ഷ്യം വെച്ചാണ് അദ്ദേഹം 1993ൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആരംഭിക്കുന്നത്. കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളകിൽ നിന്നും അസൽ സ്വർണത്തിലേക്കുള്ള ചുവടുവെയ്പായി അത്. ഇന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ റീട്ടെയിൽ ശൃംഖലകളിൽ ഒന്നാണ്. ഒമ്പത് രാജ്യങ്ങളിലായി 350ലധികം ഷോറൂമുകളാണ് ഇന്ന് മലബാറിന് ഉള്ളത്.

അദ്ദേഹത്തിന്റെ കർമമണ്ഡലം ആഭരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. മലബാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ റിയൽ എസ്റ്റേറ്റ് പോലുള്ള നിരവധി മേഖലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു. ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രീൻ മാളായ മാൾ ഓഫ് ട്രാവൻകൂർ നിർമ്മിച്ച് മലബാർ ഡെവലപ്പേഴ്സ് കരുത്ത് തെളിയിച്ചു. വീട്ടുപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഇഹാം ഡിജിറ്റൽസുമായി സഹകരിച്ചും ഗ്രീൻ തമ്പ് വഴി ജൈവകൃഷി സംരംഭങ്ങളിലും മലബാർ ഗ്രൂപ്പ് സജീവമാണ്. ഇങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച് വമ്പൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത എം.പി. അഹമ്മദിന്റെ സംരംഭക യാത്ര ഭാവി സംരംഭകർക്ക് പ്രചോദനമാണ്.
Discover how M. P. Ahammed built Malabar Gold & Diamonds into a global jewellery giant. From spice trading to a diversified empire, his journey is a true entrepreneurial inspiration.