മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേ അഞ്ച് വർഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയതായി റിപ്പോർട്ട്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുൻപ് 60 വയസിന് മുകളിൽ പ്രായമുള്ള പുരുഷൻമാർ, ട്രാൻസ്‌ജെൻഡേർസ് എന്നിവർക്കും 58 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും 40 മുതൽ 50 ശതമാനം വരെ ഇളവുകൾ ട്രെയിൻ ടിക്കറ്റുകളിൽ റെയിൽവേ നൽകിയിരുന്നു. എല്ലാ ക്ലാസുകളിലുമുള്ള മേൽ സൂചിപ്പിച്ച യാത്രക്കാർക്കും ഈ ഇളവ് ബാധകമായിരുന്നു. എന്നാൽ 2020 മാർച്ച് 20ന് കോവിഡുമായി ബന്ധപ്പെട്ടാണ് ഈ ഇളവ് അവസാനിപ്പിച്ചത്.
ഇളവ് അവസാനിപ്പിച്ചതിനു ശേഷം, അതായത് 2020 മാർച്ച് 20നും 2025 ഫെബ്രുവരി 28നുമിടയിൽ 31.35 കോടി മുതിർന്ന പൗരന്മാർ (പുരുഷൻമാർ, ട്രാൻസ്‌ജെൻഡേർസ്, സ്ത്രീകൾ എന്നിവരടക്കം) യാത്ര ചെയ്തതതായും ഇളവ് അവസാനിപ്പിച്ചതിനാൽ ഇവരിൽ നിന്നും 8,913 കോടി രൂപ അധിക വരുമാനം നേടിയതായുമാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
അതേ സമയം മുതിർന്ന പൗരന്മാർക്കുള്ള കൺസെഷൻ പുനസ്ഥാപിക്കണമെന്ന് നിരവധി തവണ പാർലമെന്റിൽ അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഓരോ യാത്രക്കാർക്കും ശരാശരി 46 ശതമാനം കൺസെഷൻ നിലവിൽ റെയിൽവേ നൽകുന്നുണ്ടെന്ന ന്യായമാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇതിന് മറുപടിയായി പറഞ്ഞിട്ടുള്ളത്.