മുംബൈ നഗരത്തിലെ രണ്ടാം വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നാല് ടെർമിനലുകളുള്ള പദ്ധതിയുടെ ആദ്യ ടെർമിനലാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
ഔദ്യോഗിക ഉഗ്ഘാടനത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എയർപോർട്ട് സമുച്ചയം ചുറ്റിക്കണ്ടു. നവിമുംബൈയുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ഡി.ബി.പാട്ടീലിന്റെ (D.B.Patil) പേരിലാകും വിമാനത്താവളം അറിയപ്പെടുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയുടേയും മുംബൈയുടേയും വികസനത്തിലെ സുപ്രധാന നിമിഷമാണ് നവിമുംബൈ വിമാനത്താവളത്തിന്റെ വരവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിമാനത്താവത്തിലെ ആഭ്യന്തര സർവീസുകൾ ഉടനടി തുടങ്ങുമെന്നും ഡിസംബർ മാസത്തോടെ അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അദാനി ഗ്രൂപ്പിന് (Adani Group) 74 ശതമാനവും മഹാരാഷ്ട്ര സിറ്റി ആൻഡ് ഡെവലപ്മെന്റ് കോർപറേഷന് (CIDCO) 26 ശതമാനവും ഓഹരികളാണ് നവിമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലുള്ളത്. അദാനി ഗ്രൂപ്പ് ഇതുവരെ 20000 കോടി രൂപയാണ് വിമാനത്താവളത്തിനായി ചിലവാക്കിയത്. തുടക്കത്തിൽ പ്രതിവർഷം രണ്ടുകോടി യാത്രക്കാരെയും എല്ലാഘട്ടവും പൂർത്തിയാകുമ്പോൾ ഒൻപതുകോടി യാത്രക്കാരെയും ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 23 സർവീസുകളെന്നത് ഘട്ടംഘട്ടമായി ഉയർത്തും. നിലവിൽ ആകാശ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നതിന് അദാനി ഗ്രൂപ്പുമായി ധാരണയിലെത്തി. 1160 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിൽ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മെയിന്റനൻസ്, റിപ്പയർ, ഒവർഹോൾ (MRO) സൗകര്യവും ഒരുക്കും.
ദുബായ് വിമാനത്താവളത്തിന്റെ മാതൃകയിലാണ് അദാനി ഗ്രൂപ്പ് നവിമുംബൈ വിമാനത്താവളത്തെ വികസിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ അടുത്തഘട്ട വികസനത്തിന് അദാനി ഗ്രൂപ്പ് 30000 കോടി രൂപ നിക്ഷേപിക്കും. വായ്പ വഴിയും ഓഹരിവിൽപനയിലൂടെയുമാകും പണം സമാഹരിക്കുകയെന്ന് അദാനി ഗ്രൂപ്പ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാംഘട്ടനിർമാണത്തിന്റെ രൂപകല്പന ആരംഭിച്ചു. 2029ഓടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ലഗേജ് ക്ലിയറൻസിനും സുരക്ഷാപരിശോധനയ്ക്കും അത്യാധുനികസംവിധാനങ്ങളുള്ള വിമാനത്താവളത്തിന്റെ എല്ലാഘട്ടവും പൂർത്തിയാകുമ്പോൾ നാല് ടെർമിനലുകളും രണ്ട് സമാന്തര റൺവേയുമുണ്ടാകും. അന്താരാഷ്ട്ര യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വിമാനങ്ങൾ മാറിക്കയറാനുള്ള റാംപ് ടു റാംപ് സൗകര്യവും നവിമുംബൈ വിമാനത്താവളത്തിലുണ്ടാകും.
pm narendra modi inaugurated the first phase of navi mumbai international airport (nmia), a $20,000 crore adani-cidco project set to transform mumbai’s connectivity.