അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശനത്തോടെ ഇന്ത്യൻ സർക്കാർ താലിബാനെ പ്രാദേശിക ഗ്രൂപ്പായി ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഡൽഹിയിൽ എത്തുമെന്ന് ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു.
യുഎൻ സുരക്ഷാ കൗൺസിലിന്റെ നിരോധിത ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട മുത്തഖിക്ക് ഇന്ത്യയിലേക്ക് പോകാൻ പ്രത്യേക അനുമതി ലഭിച്ചിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ മുത്തഖിക്ക് പൂർണ പ്രോട്ടോക്കോൾ ലഭിക്കുകയും സർക്കാർ ആതിഥേയത്വം വഹിക്കുകയും ചെയ്യും. ഒക്ടോബർ 10ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഔദ്യോഗിക വേദിയായ ഹൈദരാബാദ് ഹൗസിൽ അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശന വേളയിൽ താലിബാന് ഇന്ത്യ യഥാർത്ഥ അംഗീകാരം നൽകുമോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം യുഎൻ അനുവദിക്കാത്ത ഏതൊരു നീക്കത്തിനെതിരെയും മുൻ നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. 2021ൽ അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. നേരത്തെ യുഎൻ സുരക്ഷാ സമിതിയുടെ യാത്രാവിലക്ക് നേരിടുന്നതിനാൽ മുത്തഖിയുടെ സന്ദർശനത്തിനായി ഇന്ത്യ ഇളവ് തേടി കൗൺസിലിനെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരീകരിച്ചതോടെയാണ് സന്ദർശനം സാധ്യമാകുന്നത്.
താലിബാൻ മന്ത്രിയുടെ സന്ദർശനം സഹകരണത്തിന്റെ പുതിയ മേഖലകൾക്ക് സഹായിക്കും. 2025 ജനുവരിയിൽ ദുബായിൽ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
afghanistan’s acting foreign minister amir khan muttaqi visits delhi, meeting s. jaishankar, fueling speculation about india’s official recognition of the taliban.