ഗുജറാത്തിലെ കച്ചിലെ 470 ഏക്കർ മിയാവാക്കി വനത്തേയും അതിന്റെ വികസനത്തിൽ മലയാളിയായ ഡോ. ആർ.കെ. നായരുടെ നിർണായക പങ്കിനേയും പ്രശംസിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. മിയാവാക്കി വനത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇന്ത്യയിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ വനം വികസിപ്പിച്ച ആർ.കെ. നായരെ കുറിച്ച് അറിയുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. നമുക്കിടയിൽ ഇത്തരത്തിലുള്ള ഹീറോസ് ഉണ്ട് എന്നതിൽ അഭിമാനിക്കുന്നതായും ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറഞ്ഞു.

ഗുജറാത്ത് സർക്കാരിന്റെ പരിസ്ഥിതി സംരംഭങ്ങങ്ങൾക്കൊപ്പം ഇന്ത്യയുടെ ഹരിത നായകൻ ഡോ. രാധാകൃഷ്ണ നായരുടെ ദർശനവും കഠിനാധ്വാനവും കൊണ്ട് സാധ്യമായ മിയാവാക്കി വനമാണിതെന്ന് ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോയിലെ വിവരണത്തിൽ പറയുന്നു. ഈ വനങ്ങൾ കുറഞ്ഞ താപനിലയും, മെച്ചപ്പെട്ട ജൈവവൈവിധ്യവും, സുസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും നൽകുന്നതായും മിയാവാക്കി ഫോറസ്റ്റ് പോലുള്ള പരിസ്ഥിതി സംരംഭങ്ങൾ ഏറെ ആവശ്യമാണെന്നും വീഡിയോയിലെ വിവരണത്തിൽ പറയുന്നു. ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോയ്ക്ക് കീഴിൽ നെറ്റിസൺസിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. പലരും ആർ.കെ. നായരെ ‘ഇന്ത്യയുടെ മിയാവാക്കി മാൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി വനം എന്ന പദവി 300,000ത്തിലധികം മരങ്ങളുള്ള കച്ചിലെ മിയാവാക്കി വനത്തിന് സ്വന്തമാണ്.
താൻ സ്ഥാപിച്ച എൻവിറോ ക്രിയേറ്റേഴ്സ് ഫൗണ്ടേഷൻ എന്ന എൻജിഓയിലൂടെയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള മലയാളി ബിസിനസുകാരനായ ആർ.കെ. നായർ ഈ നേട്ടത്തിലെത്തിയത്. എൻജിഓയിലൂടെ 2014 മുതൽ രാജ്യത്തുടനീളം 100ലധികം മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.

1970കളിൽ ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത മിയാവാക്കി രീതി തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ പ്രാപ്തമാക്കുന്ന രീതിയാണ്. ഇടതൂർന്നതും പ്രകൃതിദത്തവുമായ വനങ്ങൾ വേഗത്തിൽ സൃഷ്ടിക്കുന്നതിന് വിവിധ തദ്ദേശീയ ഇനങ്ങളെ അടുത്തടുത്തായി ഉപയോഗിക്കുന്ന രീതിയാണിത്.