അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടന്നീളം ദേശീയപാതകളുടെ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാകും വികസനമെന്ന് പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

വികസനം സാധ്യമാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാതകൾ യുഎസ്സിലെ റോഡുകളോട് കിടപിടിക്കുന്ന വിധത്തിലാകും. അടുത്ത രണ്ടു വർഷംകൊണ്ട് രാജ്യത്തെ അടിസ്ഥാനസൗകര്യം ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിർത്തിമേഖലകളിലെ റോഡ് വികസനത്തിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. നിലവിലെ റോഡുകളുടെ അപര്യാപ്തത കാരണം അതിർത്തിമേഖലകളിലേക്കുള്ള ഗതാഗതത്തിന് പ്രയാസമനുഭപ്പെടുന്നുണ്ടെന്നും അക്കാരണത്താൽ ആ മേഖലകളിലെ റോഡ് വികസനം വേഗത്തിലാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
