തടസ്സമില്ലാത്ത യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമുള്ള പ്രധാന ചുവടുവെയ്പ്പുമായി കേന്ദ്ര സർക്കാർ. അടുത്ത 15 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നയം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ വാഹനങ്ങൾ ഇനി ടോൾ പ്ലാസകളിൽ നിർത്തേണ്ടി വരില്ല. രാജ്യത്തിന്റെ റോഡ് അടിസ്ഥാന സൗകര്യം നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റ് ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നയമെന്ന് മന്ത്രി പറഞ്ഞു.

പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹം വഴി ട്രാക്ക് ചെയ്യപ്പെടും. കൃത്യമായ തത്സമയ ലൊക്കേഷൻ ട്രാക്കിംഗിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) അനുസരിച്ചാകും ഇത്. വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്ക്കപ്പെടുന്ന രീതിയിലാണ് സംവിധാനം. നൂതന ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഗ്രഹ ഇമേജിംഗിന്റെ അടിസ്ഥാനത്തിലാണ് ടോൾ നിരക്കുകൾ സ്വയം കുറയുക.
നീണ്ട ക്യൂകൾ ഇല്ലാതാക്കുക, ഇന്ധനം ലാഭിക്കുക, ദേശീയ പാതകളിലെ യാത്രാ സമയം കുറയ്ക്കുക എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജിഎൻഎസ്എസ് സാങ്കേതികവിദ്യ ഘടിപ്പിച്ച വാഹനങ്ങൾക്ക് ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും ദിവസവും ഇരു ദിശകളിലേക്കും 20 കിലോമീറ്റർ വരെ ടോൾ ഫ്രീ യാത്രയും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
